Wednesday, April 25, 2012

ചൊവ്വാ ദോഷം

വാര്‍ത്ത വായിക്കാന്‍ നികേഷ്‌ കുമാര്‍ ലാപ്‌ ടോപ്പ്‌ തുറന്നു വച്ചിരിക്കുന്നത് പോലെ .....
വെറ്റിലച്ചെല്ലത്തിന്റെ മൂടി തുറന്ന് വെച്ച്, ടേബിളിലേക്ക് കൈമുട്ട് താങ്ങ് കൊടുത്ത് മുന്നോട്ടാഞ്ഞിരിക്കുന്നതിനു പകരം കാലു രണ്ടും നീട്ടി വെച്ച് അന്നു രാവിലെ കിട്ടിയ വാര്‍ത്തകള്‍ വിളമ്പുകയാണു "വാര്‍ഡ് ബി.ബി.സി.യായ നാണിയമ്മ...സ്റ്റുഡിയോയിലെ അതിഥിയെ പോലെ കൂട്ടത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എന്റെ വല്ലുമ്മയും.... ലൈവ് പ്രോഗ്രാം പോലെ ഇടക്കിടെയുള്ള ഈ വിളമ്പിനിടയില്‍ കാലിത്തൊഴുത്തില്‍ നിന്നും കറവക്കാരന്‍ കുമാരേട്ടന്റെ ചോദ്യങ്ങള്‍ക്കും നാണിയമ്മ മറുപടി പറയുന്നുണ്ട്...

"പാത്തുട്ടിമ്മറിഞ്ഞോ...ഇമ്മടെ വല്യോത്തെ ചന്ദ്രൂന്റെ മോളില്ലേ...? അവള്‍ തിരിച്ച് വന്നൂന്ന്..."

 "ഏത്...ആ ഒളിച്ചോടി പോയ കുട്ട്യാ....? "

"ആന്നേ..കൂടെ അവള്‍ടെ കെട്ട്യോനും ഒരു കുട്ടീംണ്ട്..."
"അവളിപ്പൊ നല്ല നെലേലാ....അന്നു ചന്ദ്രനും കൂട്ടരും കൂടി ആ കുട്ടീനെ കുറെ ഉപദ്രവിച്ചേക്ക്‌ണ്...അവളവനെ വിട്ട് പോരുല്ലാന്ന് കട്ടായം പറഞ്ഞ്...അതോണ്ടെന്തായി ആ കുട്ടി രക്ഷപ്പെട്ട്...."

"ങാഹ്!....അതങ്ങിനെയല്ലേ നാണിയമ്മേ...? ആറ്റു നോറ്റുണ്ടായ കുട്ടി ഒരു മാപ്പെള ചെക്കന്റെ കൂടെ ഒളിച്ചോടി പോയീന്നറിഞ്ഞാ അവരു സമ്മയ്ക്ക്യോ...? "

"അയ്ന്...ആ കുട്ടീനേം പറഞ്ഞിട്ട് കാര്യല്ല...ചൊവ്വാ ദോഷത്തിന്റെ പേരും പറഞ്ഞ് അവള്ടെ അനിയത്തി എന്നും പ്രശ്നല്ലായിരുന്നോ....? ചേച്ചി നിക്കുമ്പ അനിയത്തിടെ കല്യാണം നീണ്ട് പോണന്നും പറഞ്ഞ് എന്തായിരുന്ന് പുകില്‍...."സരോജിനീം എടക്കെട്ക്ക് കുത്തുവാക്കുകള്‍ പറേണത് ഞാന്‍ ദേ ഈ ചെവി കൊണ്ട് കേട്ടീരിക്ക്‌ണ്."


"വീട്ടിലിരുന്നാ അയിനു വട്ടാവുംന്ന് കരുത്യാവും...അത് വീണ്ടും പഠിക്കാന്‍ പോയി തൊടങ്ങ്യേത്..."

"എന്നിട്ടെന്തായി..... കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയോട്‌ത്തെ മാപ്പെള ചെക്കനുമായി അവളു ലോഹ്യത്തിലായി..."

"അവളും ഒരു പെണ്ണല്ലേ... മജ്ജയും മാംസവുമുള്ള പെണ്ണ്...അവള്‍ക്കുമുണ്ടാകില്ലെ...മോഹങ്ങളും, സ്വപ്നങ്ങളും...."

"എന്തോരം ആലോചെനേളാ മൊടങ്ങി പോയത്.....ചൊവ്വാ ദോഷത്തിന്റെ പേരും പറഞ്ഞ്...."

"പോരാഞ്ഞ് ചന്ദ്രൂന്റെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ടോരും കൊറെയെണ്ടല്ലാ.....കല്യാണം മൊടക്കാനായ്ട്ട്..."

"ആ ചെക്കന്‍ മാന്യായ്ട്ട് വന്ന് ചന്ദ്രൂനോട് ചോയ്ച്ചെന്ന്....മോളെ കെട്ടിക്കോട്ടേന്ന്...?"

"അയ്ന്റെ പേരില്...‍ എന്തൊക്കെ ബഹളാ നടന്നത്...ആ കുട്ടീനെ പിടിച്ച് പൊതിരെ തല്ലില്ലേ ആളോളെ മുന്നീ വെച്ച്...പോരാത്തതിനു മുറീ പൂട്ടിയിടേം ചെയ്ത്...എന്നിട്ടും അവള്‍ ചാടിപോയി....അതു കൊണ്ടെന്തായി ആ കുട്ടി രക്ഷപ്പെട്ട്...."

"അവള്‍ടെ അനിയത്തിടെ കാര്യാ കഷ്ടായത്...."

"പത്തില്‍ പത്ത് ജാതകപൊരുത്തോംണ്ടന്ന് പറഞ്ഞ് നടത്ത്യ കല്യാണാ....മാസം ഒന്ന് തെകഞ്ഞില്ല....ആ പുയ്യാപ്ളേട മയ്യത്തല്ലേ ഉമ്മറത്ത് കൊണ്ടന്ന് കെടത്ത്യേത്..."

"മനുഷേന്റ അവസ്ഥ അതാണു നാണിയമ്മേ...."

"അന്ന് കെടന്നതാ...ചന്ദ്രൂന്റെ കെട്ട്യോളു സരോജിനി....ഇപ്പൊ ഒന്നും രണ്ടുമൊക്കെ കെടന്ന കെടപ്പിലാന്നാ പറേന്നെ..."

"അതോടെ ചന്ദ്രൂന്റെ ആ ഉഷാറും പോയി....ബിസിനസൊക്കെ നോക്കി നടത്തണത് ചന്ദ്രൂന്റെ അനിയന്റെ മോനാ...."

"രണ്ട് പെണ്മക്കള്‍ക്കും ഈ ഗതി വന്നൂലോ..."

"അയ്നു‍ മൂത്തോളു വന്നിരിക്കണത് സരോജിനീനെ കൊണ്ടോവാനാ...വെല്ലൂരോ മറ്റോ കൊണ്ടോയി ശുശ്രൂഷിക്കാനാന്നാ പറഞ്ഞേ...അവള്‍ടെ കെട്ട്യോന്‍ ഡോക്ടറാത്രേ...."അവള്‍ടെ അനിയത്തിക്ക് ഒരു ജോലിയും ശര്യാക്കീണ്ട്ന്നാ കേട്ടത്...ഇവിട്ത്തെ ബിസിനസൊക്കെ നിര്‍ത്തി എല്ലാരും കൂടെ കോഴിക്കോട്ടേക്ക് പൂവാന്ന്...."

 "ആഹ്..കുറെ അനുഭവിച്ചില്ലേ അയ്റ്റോങ്ങള്...ഇനിയെങ്കിലും ഒരു മനസ്സമാധാനം ഉണ്ടായാ മത്യാര്‍ന്ന്....

ഉം.....ആരാ എപ്പഴാ..എങ്ങിനാന്നൊന്നും പറയാനൊക്കില്ല നാണിയമ്മേ....നമ്മുടെ കഷ്ടപ്പാടുകളും മറ്റും കണ്ട് സഹായിക്കാന്‍ വരാന്ന്... ആരേയും വെറുപ്പിക്കാതെ ഉള്ള ജീവിതം കഴിച്ച് കൂട്ടിയാ എല്ലാര്‍ക്കും നല്ലത്...."

"നിര്‍ത്താറായില്ലേ നാണിയമ്മേ ഈ നോനി പറച്ചില്....?"

കുമാരേട്ടന്‍ പതഞ്ഞ് പൊന്തുന്ന പാലും പാത്രം പാത്തുട്ടിമ്മാടെ നേര്‍ക്ക് നീട്ടി...

കൈ വിരലില്‍ ബാക്കിയുണ്ടായിരുന്ന ചുണ്ണാമ്പ് നാക്കിലേക്ക് തേച്ച് നാണിയമ്മ എഴുന്നേറ്റു....
അടുത്ത ബുള്ളറ്റിനില്‍ വിളമ്പാനുള്ള വാര്‍ത്തകള്‍ക്കായി.....

സ്വാഗതം കൂട്ടുകാരേ.....

കൂട്ടുകാരേ.....

"ഞങ്ങള്‍ മലര്‍വാടി ആര്ട്ട്‌സ് ക്ലബ്ബിലെ അംഗങ്ങളാണ്...."

ചുമ്മായിരിക്കുമ്പോ എന്തെങ്കിലും ഒരു നേരം പോക്കു വേണ്ടേ...?

അപ്പൊ മനസില്‍ തോന്നിയതാ ഈ ബ്ലോഗ് എന്ന പരിപാടി....

എന്താവും, എങ്ങിനെയാവും എവിടെ വരെ പോകും എന്നൊന്നും

ഞങ്ങള്‍ക്കിപ്പൊ പറയാന്‍ പറ്റൂല... കാരണം...ഭൂലോകത്തേക്കാള്‍

വല്യ സംഭവാന്നാ ബൂലോകത്തെ കുറിച്ച് കേട്ടിരിക്കണത്...

നിങ്ങടെ കയ്യിലെ വാക്കുകളാകുന്ന വാള്‍ കൊണ്ട് മരിച്ചില്ലെങ്കീ

ഈ ബ്ലോഗ് ഇവിടെയൊക്കെ തന്നെ കാണും...
******************************************

എന്നാ പിന്നെ തൊടങ്ങല്ലേ....?

പടച്ചോനേ....ബൂലോകമെന്ന ലോകത്ത് പിച്ച വെച്ച് നടന്നു തുടങ്ങുന്ന

ഈ അറിവില്ലാ പൈതങ്ങളായ ഞങ്ങളെ കാത്തോളണേ....
-------------------------------------------------------------------------------
(മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന സിനിമയുടെ ഭാരവാഹികള്‍ക്ക് ഒരായിരം നന്ദി
കാരണം അവരാണല്ലോ ഈ തലക്കെട്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍...)