Tuesday, December 25, 2012

ക്രിസ്തുമസ് - പുതുവത്സരാശംസകള്‍...


 

ഞ്ഞിന്റെ നനുത്ത മേലാപ്പണിഞ്ഞ ഡിസംബര്‍ രാവുകള്‍....
അങ്ങു ദൂരെ തെളിഞ്ഞ ആകാശച്ചെരുവില്‍ കണ്‍ചിമ്മുന്ന
നക്ഷത്ര കുഞ്ഞുങ്ങള്‍... പരന്നൊഴുകുന്ന നറു നിലാവില്‍
കുളിച്ചു നില്‍ക്കുന്ന നിശീഥിനി...പേരറിയാന്‍ പാടില്ലാത്ത
ഏതൊക്കെയോ കാട്ടുപൂക്കളുടെ ഗന്ധവും
പേറിയെത്തുന്ന കുളിരണിയിക്കും തെന്നല്‍...
രാവിന്റെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് അന്തരീക്ഷത്തില്‍
അലയടിച്ചെത്തുന്ന അഭൗമ സംഗീതത്തിന്റെ നേരിയ ഈരടികള്‍...

"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്കു സമാധാനം"

വര്‍ഷങ്ങള്‍ക്കപ്പുറം ഒരു ഡിസംബര്‍ രാത്രിയില്‍ ബത്‌ലഹേം
എന്ന ചെറിയ ഗ്രാമത്തില്‍ അലയടിച്ചുയര്‍ന്ന ആ സംഗീതത്തിന്റെ
മാറ്റൊലി ഒരിക്കല്‍ കൂടി മുഴങ്ങുകയായി...
പരസ്പര പകയും ഭയവും ഇരുള്‍ വീഴ്ത്തിയ മാനസങ്ങളില്‍
സ്നേഹത്തിന്റേയും, സമാധാനത്തിന്റേയും വെള്ളി വെളിച്ചം
പകര്‍ന്നു കടന്നു വരുന്ന ക്രിസ്തുമസ്...
ഒപ്പം ഇന്നലെകളുടെ താളപ്പിഴകള്‍ തുടച്ചു മാറ്റി കൊണ്ട് പ്രത്യാശകളുടെ
തഴുകലുമായി ഒരു പുതുവത്സരം കൂടി കടന്നു വരുന്നു...
പ്രത്യാശകളുടെ പൊന്‍കിരണങ്ങളുമായി ഒരു പുതുവത്സരം കൂടി കടന്നു
വരുമ്പോള്‍ കഴിഞ്ഞു പോയ നാളുകളുടെ ഓര്‍മ്മകളുമായി
പുതുവര്‍ഷത്തിലേക്ക് തിരമുറിച്ചു നീങ്ങുമ്പോള്‍ നമുക്കു പ്രതീക്ഷിക്കാം
നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന്...
 
ആശംസകളോടെ... മലര്‍വാടി...
***************************************************************
((ചിത്രം ഗൂഗിളമ്മച്ചി തന്നത്))

Saturday, December 1, 2012

നഷ്ട ബോധം....നീ വരും വഴികളില്‍ ഞാന്‍ നിന്നെ കാത്തു നിന്നിരുന്നതും
നീ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ കടന്നു
പോയിരുന്നതും ഒരു പക്ഷെ നിന്നോടു പറയാന്‍
കരുതി വെച്ചിരുന്ന വാക്കുകള്‍ എന്റെ മനസ്സിന്റെ അടിത്തട്ടില്‍
എനിക്കൊളിപ്പിച്ചു വെക്കേണ്ടി വന്നു..
പറയാന്‍ കഴിയാതെ മനസ്സിലൊളിപ്പിച്ചു വെച്ച ആ വാക്കുകള്‍...
ഈ ഏകാന്ത ജീവിതത്തില്‍ ഒരു നഷ്ട ബോധമായി
മനസ്സില്‍ തിങ്ങി നിറയുന്നു...
മനസ്സില്‍ പല വര്‍ണ്ണങ്ങളാല്‍ വരച്ചുണ്ടാക്കിയ
നിന്റെയാ മനോഹര ചിത്രം... ആ നഷ്ട ബോധത്താല്‍
ഇന്നു വികൃതമായിരിക്കുന്നു...
ഇനിയൊരിക്കലും തിരിച്ചു കിട്ടാന്‍ കഴിയാത്ത ആ നല്ല കാലം
കൈ വിട്ടു പോയിരിക്കുന്നു.ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത...
ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത അകലങ്ങളിലേക്ക്....

Thursday, November 15, 2012

മഴ....നിനക്കായി എന്തെങ്കിലും പുതുതായി
കുത്തി കുറിക്കാന്‍ ആഗ്രഹിക്കുമ്പോള്‍
പുറത്തു ചരിഞ്ഞു പെയ്യുന്ന മഴയെ തഴുകിയെത്തുന്ന
തണുത്ത കാറ്റില്‍ മനസ്സിലെ ഓര്‍മ്മകളുടെ മയില്‍പ്പീലി
തുണ്ടുകള്‍ ഇളകിയാടുന്നു...പെയ്തൊഴിയാന്‍ വെമ്പല്‍‍
കൂട്ടുന്ന ആ മഴിയിലേക്കു നോക്കിയിരുന്നപ്പോള്‍ ഞാന്‍
വീണ്ടും ഓര്‍ത്തു പോയി...
മഴ നിനക്കെന്നും ഒരു ലഹരി ആയിരുന്നല്ലോ...

Monday, November 5, 2012

മനസ്സിലെന്നും....


 
 
 
വളുടെയാ മുഖം മറക്കാന്‍ ശ്രമിക്കുന്തോറും
കൂടുതല്‍ പ്രകാശത്തില്‍ തെളിഞ്ഞു വരുന്നു...
തരളിതമാകുന്ന നിറക്കൂട്ടുകള്‍,
ഓര്‍മ്മകളില്‍ പൂത്തു നില്‍ക്കുന്ന വസന്തങ്ങള്‍,
ഒരായിരം കിനാക്കളുടെ ആത്മ നൊമ്പരങ്ങള്‍.
ഇന്നിന്റെ വേനലില്‍ ഓര്‍ത്തോര്‍ത്ത്
നിര്‍വൃതി കൊള്ളാന്‍ ആ നല്ല നാളുകള്‍
മനസിന്റെ മായാപ്രപഞ്ചത്തില്‍ അലകടല്‍ പോലെ ഇരമ്പിയെത്തുന്നു...
കാലത്തിന്റെ മാറ്റത്തെ ആര്‍ത്തിയോടെ കെട്ടിപുണരുന്നു....
പക്ഷേ ആ നല്ല നാളുകള്‍ മനസിലെവിടെയോ തിങ്ങിവിങ്ങുന്നു.
ഓര്‍ക്കാനും ഓര്‍ക്കാത്തിരിക്കാനും വയ്യ...


Tuesday, September 25, 2012

മാപ്പുസാക്ഷി


സ്നേഹത്തിന്റെ ചതുരംഗക്കളത്തില്‍ കരുക്കള്‍
മാറി മറിഞ്ഞത് നിന്റെ മനസ്സിലായിരുന്നു....
വിധിയെ പഴിച്ച് നീ പടിയിറങ്ങുമ്പോള്‍ ചിതറി വീണ
പളുങ്കു ചീളുകള്‍ ഒരു ജന്മത്തിന്റെ പ്രതീക്ഷകളായിരുന്നു...
നിന്റെ കണ്ണുകള്‍ പറഞ്ഞ കഥകള്‍ ഓര്‍മ്മയിലൊരു
നീറ്റലായി, നോവിന്റെ നനവായി കരളില്‍ നിറയുന്നു....
ചിതയുടെ വാതായനങ്ങള്‍ക്കപ്പുറം അടക്കിയ ഒരു തേങ്ങല്‍
ഒരു വിഷാദരാഗം രചിക്കുന്നു... കരിഞ്ഞമര്‍ന്ന ഭ്രാന്തന്‍
സ്വപ്നങ്ങളുടെ ഒരു പിടി ചാരമേന്തിയീ ശവപ്പറമ്പില്‍
ഞാനേകനാണ്.... ഒരു ദുരന്തത്തിന്റെ മാപ്പുസാക്ഷിയായി
ഓര്‍മ്മകളില്‍ നീയെനിക്ക് ചിത കൊളുത്തീടുക...

Thursday, September 13, 2012

എന്നാലും എനിക്കിട്ടു തന്നെ തന്നല്ലോടാ....

"ഡാ...കുന്നത്തെ സുധി ഗള്‍ഫീന്നു വന്നിട്ട് നീ കണ്ടാ.......?"

"ഇല്ലടക്കേ....അവനിപ്പൊ വല്യ ജാഡയാ....."

"വന്നിട്ട് രണ്ടീസായി...ഇതുവരെ ഇവ്ട്ക്ക് വന്നിട്ടില്ല..."

"ഉം...പെണ്ണന്വേഷിക്കണണ്ട്ന്നാ കേട്ടത്...."

"അയിന്...അവന്‍ മാത്രം വിചാരിച്ചാ പോരല്ലോ...വീട്ടുകാരും നാട്ടുകാരും കൂടി വിചാരിക്കണ്ടെ...അവനു പെണ്ണു കൊടുക്കണോന്ന്..."

"ഉം....ഇന്നലെ ജബ്രൂന്റെ കാറില്‍ പോണ കണ്ടു.."

"പെണ്ണു കാണാന്‍ പോയതാ....സുധിക്ക് വെല്യ ഉഷാറൊന്നും ഇല്ല പെണ്ണു കെട്ടാന്‍ വീട്ടാരുടെ നിര്‍ബന്ധാത്രെ... പെണ്ണു കെട്ടിക്കാന്..."

"എവിടെ...? അതൊക്കെ അവന്റെ നമ്പറല്ലേ...."

"ഇന്നലെ ജബ്രു പറഞ്ഞതാ....അവനോടാണത്രെ പെണ്ണിനെ നോക്കാന്‍ പറഞ്ഞിരിക്കുന്നത്...അവന്‍ക്ക് ഭയങ്കര ചമ്മലാത്രെ..."

"എന്റെ പൊന്നോയ്....വേറെ ആരു പറഞ്ഞാലും വിശ്വസിക്കാം...സുധിക്ക് പെണ്ണുങ്ങളെ നോക്കാന്‍ ചമ്മലാണേന്നു പറഞ്ഞാ ആരാണ്ടാ ഇന്നാട്ടിലു വിശ്വസിക്ക്യാ...."

"ഇത് അമ്മാതിരി നോക്കലല്ലോ...പെണ്ണു കാണല്‍ അല്ലേ...വീട്ടുകാരുടെ മുന്നില്‍ വെച്ച് നോക്കണ കാര്യാ പറഞ്ഞത്..."

"ഉം...നടക്കട്ടെ നടക്കട്ടെ...ജബ്രുമായിട്ടല്ലെ കമ്പനി....? അവസാനം സുധി നമ്മള്‍ടെ അട്ത്ത്‌ക്ക് തന്നെ വരും."

സുധി നല്ലവനാ...പക്ഷെ...ഒരുമിച്ച് കളിച്ച് വളര്‍ന്നവന്‍ ഒരു നാള്‍ ഗള്‍ഫില്‍ പോയി തിരിച്ച് വന്നപ്പോ നുമ്മളെയൊന്നും ഒരു മൈന്റുമില്ലേച്ചാ പിന്നെ നുമ്മളെന്ത് ചെയ്യും...കുറ്റോം കൊറച്ചിലും പറഞ്ഞു കലിപ്പങ്ങട് തീര്‍ക്കും...അല്ല പിന്നേ...!!!!!

വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെക്കന്‍ പെണ്ണു കെട്ടാന്‍ പൂവാ...
വേലേം കൂലീമില്ലാതെ ചുമ്മാ മറ്റുള്ളവരുടെ കുറ്റോം കൊറവും കണ്ടു പിടിച്ച് അതിനെ ചിക്കി ചികഞ്ഞ് ചൊറീം കുത്തിയിരിക്കുന്ന നമ്മള്‍ക്കിത് പിടിക്ക്യോ....? ചര്‍ച്ചകള്‍ പല തരത്തില്‍ പലവിധത്തില്‍ നടന്നു കൊണ്ടിരിക്ക്യേ... ദിനങ്ങള്‍ ഓരോന്നായി കടന്നു പോയി..പുതിയൊരു വാര്‍ത്ത കൂടി കേട്ടു.....

"സുധി കല്യാണം കഴിക്കണ്ടന്നു തീരുമാനിച്ച് ഗള്‍ഫിലേക്ക് തിരിച്ചു പോകുന്നു...അതിനു കാരണം ജബ്രുവിന്റെ കല്യാണം...."

പണിയില്ലാ പിള്ളേര്‍ പുതിയ വാര്‍ത്തയുടെ ഉള്ളടക്കമന്വേഷിച്ച് പരക്കം പാഞ്ഞു...

സംഗതിയുടെ കിടപ്പു വശം ഇങ്ങനെ....

ജബ്രുവുമായി സുധി പെണ്ണു കാണാന്‍ നടക്കുന്നു...ഓരോ വീട്ടില്‍ ചെന്ന് പെണ്ണിനെ കാണും...
സുധി ജബ്രുവിനോട് ചോദിക്കും...

"ഡാ ജബ്രു..എങ്ങിനെ ഉണ്ട് കുട്ടി....കൊള്ളാമോ...?"

"കൊഴപ്പല്ലടാ...നിനക്കിഷ്ടായോ....?"

"സുധി : ഇഷ്ടൊക്കെയായി...എന്നാലും എന്തൊ ഇരിത്...."

നാട്ടുകാരുടെ കുറെ ചായയും പലഹാരവും ചിലവായത് മിച്ചം.എന്തെങ്കിലുമൊരു കുറവ് സുധി കണ്ടു പിടിച്ച് ഒഴിവാക്കും. പെണ്ണുകാണല്‍ തകര്‍ത്തു നടന്നു കൊണ്ടിരിക്കുന്നു....അങ്ങിനെ ഗുരുവായൂര്‍ ഒരു പെണ്ണിനെ കാണാന്‍ പോയി...കണ്ട മാത്രയില്‍ തന്നെ സുധിക്ക് പെണ്ണിനെ പിടിച്ചു...

"ഇതാണു പെണ്ണ്...ഇതു മാത്രമാണെന്റെ പെണ്ണു....സുധിയുടെ മനസു മന്ത്രിച്ചു..."

സുധി ജബ്രുവിനെ ഒളികണ്ണിട്ട് നോക്കി...ജബ്രുവും സുധിയെ ഒളികണ്ണിട്ട് നോക്കി രണ്ടു പേരുടെയും മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...

ഒരുപാട് പെണ്ണു കാണാന്‍ പോയതാണു. ചോദ്യങ്ങള്‍ ചോദിച്ച് ശീലാമായി...
എന്നിട്ടും സുധിയുടെ നാവ് നിലച്ചു...അല്ല ചതിച്ചു...വളരെ ബുദ്ധിമുട്ടി സുധി വാ തുറന്നു....

"എന്താ പേരു...?"

"സല്‍മ..."

"എവിട്യാ വീട്...?"

"ങേഹ്... " സല്‍മ സുധിയുടെ മുഖത്തേക്ക് നോക്കി

അതോടെ ഉള്ളതും കൂടെ പോയി...

"എന്താ ചെയ്യുന്നത്....?"

"ഡിഗ്രി ഫസ്റ്റിയറിനു പഠിക്കുന്നു...."

"വീട്ടിലാരൊക്കെയുണ്ട്...?"എവിടെയോ കണ്ടു പരിചയം..."

അതൊരു പെണ്ണുകാണലാണെന്നും അതു പെണ്ണിന്റെ വീടാണെന്നും സുധി അല്പനേരത്തേക്ക് മറന്നു പോയി, ഒപ്പം പഴയ കാലമോര്‍ത്തു പോയി....

ഒരു പിഞ്ചിരിയോടെ ആ പെണ്ണകത്തേക്കും പോയി...

"ഡാ...ജബ്രു ഇനി വേറെ പെണ്ണിനെ നോക്കണ്ടന്നു വീട്ടുകാരോട് നീ പറയ്...എനിക്കിഷ്ടായ്..കുട്ടിയെ....
എനിക്ക് വീട്ടുകാരോട് പറയാന്‍ ഒരു ചമ്മല്‍,ഇത്ര നാളും കല്യാണം ഇപ്പോ വേണ്ടന്നു പറഞ്ഞു നടന്നിട്ട്...നീ വീട്ടുകാരോട് പറഞ്ഞ് ശരിയാക്കണം...."

എല്ലാം ശരിയാക്കമെന്ന മട്ടില്‍ ജബ്രു തലയാട്ടി...

പോകുന്ന വഴി ഞാന്‍ സെന്ററിലിറങ്ങും....എനിക്കൊന്നു ചുള്ളനാവണം...നീ വീട്ടിലോട്ട് വിട്ടോ...
ജബ്രു നേരേ പോയത് സുധിയുടെ വീട്ടിലേക്കായിരുന്നു....അവിടെ ചെന്നു കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു ജബ്രു തന്റെ വീട്ടിലേക്ക് പോയി...

പിറ്റേ ദിവസം ജബ്രു തന്റെ വീട്ടുകാരുമായി കാറില്‍ കയറി പോകുന്നത് സുധി കണ്ടു...

സുധി "എവിടെക്ക്യാ" എന്നു കൈ കൊണ്ട് ആംഗ്യം കാണിച്ച് ചോദിച്ചു....

"ദിപ്പൊ വരാന്നു" പറഞ്ഞു പോയ ജബ്രു തന്റെ കല്യാണവും ഉറപ്പിച്ചിട്ടാ തിരിച്ചു വന്നത്...

പെണ്ണിന്റെ പേരു : സല്‍മ, വീട് : ഗുരുവായൂര്‍

"അടുത്തയാഴ്ച്ച നിശ്ചയം...പിന്നത്തെ മാസം കല്യാണം"

സുധി ആ വാര്‍ത്ത കേട്ട് തളര്‍ന്നിരുന്നു...

"സാമദ്രോഹീ....നീ എനിക്കിട്ട് പണി തന്നൂലേ...?ഒന്നൂല്ലേലും നമ്മളൊരുമിച്ച് എന്തോരം ചായേം പലഹാരോം... തിന്നതാടാ... നിന്നോടിതിനു ദൈവം ചോദിക്കുമെടാ...."

പെട്ടെന്നു തന്നെ സുധി ചാടി എഴുന്നേറ്റു, നേരെ പോയത് ട്രാവല്‍ ഏജന്‍സിയിലേക്കായിരുന്നു...

"ഇക്കാ... നാളെത്തേക്കോ മറ്റെന്നാളെത്തേക്കോ ദുബായിക്കൊരു ടിക്കറ്റ് വേണം..പൈസ എത്രയായാലും കൊഴപ്പമില്ല..."

Sunday, September 9, 2012

ബാല്യത്തിലേക്കൊരു മടക്കയാത്ര

സ്വപ്നം മാത്രമാണെങ്കിലും മനസ്സില്‍ ഞാനൊരു യാത്രയെ താലോലിക്കുന്നുണ്ട്.
എന്റെ ബാല്യത്തിലേക്കുള്ള ഒരു യാത്ര.ഒരു മടക്കയാത്ര.വഴി തെറ്റി വന്ന
അപരിചിതനായ ഒരു മനുഷ്യന്‍ സ്വന്തം നാട്ടിലേക്കു തിരികെ പോകാന്‍
ഇഷ്ടപ്പെടുന്നത് പോലെ ഞാന്‍ എന്റെ ബാല്യത്തിലേക്കു തിരികെ
യാത്രയാകാന്‍ ആഗ്രഹിക്കുന്നു....ഓര്‍മ്മയുടെ പാഴ്പ്പറമ്പില്‍ കുളിര്‍
മഴയായി ബാല്യ സ്മരണകള്‍ നിറയുമ്പോള്‍ ആ സ്മരണകളെ താലോലിച്ച്
മനസ്സിലെ ഏകാന്തതയുടെ ആഴം ഞാന്‍ കുറക്കുന്നു. കൗമാരത്തിലേക്കും,
യൗവ്വനത്തിലേക്കും എത്തിപ്പിടിക്കാനുള്ള ത്വരയില്‍ പാതി വഴിയില്‍ ഇട്ടേച്ചു
പോകുന്ന ബാല്യം…

എനിക്കറിയാം..ബാല്യം കവര്‍ന്ന എന്റെ ഗ്രാമത്തിനിന്ന് മാറ്റങ്ങളൊരുപാടുണ്ട്.
കളിച്ചു വളര്‍ന്ന നെല്‍പ്പാടങ്ങള്‍ക്കു മീതെ ഉയര്‍ന്ന മണി മാളികകളും,
തെങ്ങിന്‍ത്തോപ്പുകള്‍ക്ക് പകരം വളര്‍ന്ന മണി സൗധങ്ങളും, ഊടു വഴികളും
കുന്നിന്‍ ചെരുവുകള്‍ ഇല്ലാതാക്കിയ ചെമ്മണ്‍ പാതകളും,ടാര്‍ റോഡുകളും
അങ്ങിനെ എന്റെ സ്വപ്ന സ്മൃതിയില്‍ അവശേഷിക്കുന്ന യാതൊന്നും ഇന്നില്ല.
എന്റെ ഗ്രാമമൊഴികെ...അതു കൊണ്ടു തന്നെ എന്റെ യാത്രയില്‍ പങ്കു ചേരാന്‍
ഞാന്‍ കാലത്തെ കൂടി കൂട്ടു വിളിക്കുന്നു. എന്റെ ഗ്രാമത്തിന്റെ ആ പഴയ മുഖം
തിരിച്ചു കിട്ടാന്‍...

കൊയ്ത്തു കഴിഞ്ഞ് ചെളി വെള്ളം കെട്ടിക്കിടക്കുന്ന പാടത്തേക്കാണു ആദ്യം
എനിക്കു പോകേണ്ടത്. പൊടിമീനുകള്‍ ഊളിയിടുന്നതും നോക്കി ഇത്തിരി നേരം അവിടെയിരിക്കണം...എന്നിട്ടു അവക്കു മീതെ കടലാസ് വഞ്ചിയുണ്ടാക്കി അതിന്റെ അമരക്കാരനാകണം.മന്ദമാരുതന്റെ തലോടലേറ്റ് വഞ്ചി അക്കരെയണയുന്നത് വരെ.
പിന്നെ ചാറ്റല്‍ മഴയില്‍ മനം തുടിച്ചു തിരിച്ചു മടങ്ങണം. വെള്ളം നിറഞ്ഞു നില്‍ക്കുന്ന
ഇടവഴിയിലൂടെ എന്റെ വീട്ടിലേക്ക്...

അതിനു ശേഷം എന്റെ ബാല്യത്തിനു നിറവേകിയ എന്റെ ഒത്തിരിയൊത്തിരി
കൂട്ടുകാരെ കാണണം. പെന്‍സില്‍ കഷ്ണങ്ങളും മഞ്ചാടി മുത്തുകളും പങ്കു വെച്ചു
സൗഹൃദത്തിന്റെ പുതിയ ലോകം തുറന്നു തന്ന എന്റെ കൂട്ടുകാര്‍.പുസ്തകത്താളില്‍
ഒളിപ്പിച്ചു വെച്ച മയില്‍പ്പീലിത്തുണ്ടുകള്‍ ആകാശം കാണിക്കാതെ പരസ്പരം
കൈമാറി മനസ്സില്‍ സ്ഥാനം പിടിച്ച എന്റെ ചങ്ങാതിമാര്‍. കാറ്റിനല്‍പ്പം ശക്തി
കൂടുമ്പോള്‍ തുരു തുരാ വീഴുന്ന കണ്ണിമാങ്ങകള്‍ പെറുക്കിയെടുത്ത് വീതം വെച്ചു
ആര്‍ദ്രമായ സൗഹൃദത്തിന്റെ ജാലകം തുറന്ന എന്റെ പ്രിയ കളിക്കൂട്ടുകാര്‍.
അവരോടൊത്ത് കൂടി ആ പഴയ നിമിഷങ്ങളെ പുനര്‍ജ്ജീവിപ്പിക്കണം.
പൂത്തുലഞ്ഞു നില്‍ക്കുന്ന കശുമാവിന്‍ ചോട്ടില്‍ മണ്ണപ്പം ചുട്ടു കളിക്കണം,
കള്ളനും പോലീസും കളിച്ചു മരമായ മരം മുഴുവനും കയറിയിറങ്ങണം..

പിന്നീട് ഒരു സഞ്ചിയും തൂക്കി ഞാവല്‍ പഴം പെറുക്കാന്‍ പോകണം കുന്നിന്‍
ചെരുവിലുള്ള സ്ഥിരം വിശ്രമ താവളത്തിലുരുന്ന് അവയെ ഒന്നൊന്നായ് സേവിച്ച്
നാവിലും ചുണ്ടിലും വയലറ്റ് നിറമാക്കണം...തീര്‍ന്നു കഴിഞ്ഞാല്‍ വീണ്ടും ഞാവല്‍
മരത്തിന്റെ ചുവട്ടിലേക്ക്... ഒടുവില്‍ കിഴക്കേ പറമ്പിന്റെ അരികിലൂടെ ഒഴുകുന്ന
പുഴയില്‍ മാനം കറുക്കുന്നത് വരെ കുളിക്കണം.അല്ലെങ്കില്‍ വല്യുമ്മയുടെ നീട്ടിയുള്ള
വിളി ചെവിയിലെത്തും വരെ...മണിക്കൂറുകള്‍ നിമിഷങ്ങളായി കടന്നു പോയ പഴയ
ദിനങ്ങളെ മണിക്കൂറുകള്‍ യുഗങ്ങളാക്കി തീര്‍ക്കണം..

ബാല്യത്തിലേക്കുള്ള യാത്ര ആര്‍ദ്രവും മൃദുലവുമായ ഓര്‍മ്മകള്‍ മാത്രമാണ്.
എങ്കിലും...ഓര്‍മ്മകളില്‍ ഒരായിരം പൂത്തിരി കത്തിക്കുന്ന
ആ നാളുകള്‍ സപ്ത വര്‍ണ്നങ്ങളാല്‍ ശോഭിതമാകട്ടെ ഇനിയെന്നും....
(കടപ്പാട്. എന്റെ കൂട്ടുകാരന്‍ ഷമീറിനോട്..)

Saturday, September 8, 2012

കുളിര്‍ മഴയായി...


നീറുന്ന മനസ്സിലേക്ക്, പുകയുന്ന ചിന്തകളിലേക്ക്
നിന്റെ പാല്‍ പുഞ്ചിരി ഒഴുകുന്ന മുഖം കടന്നു വരുമ്പോള്‍...
കുളിര്‍ മഴയായി നിന്റെ മൊഴി മുത്തുകള്‍ പതിക്കുമ്പോള്‍...
ഏതു തീ കാറ്റും തണുത്തുറഞ്ഞു പോകുന്നു...
മറച്ചു വെക്കാനാവാത്ത വിധം നിന്റെ സ്നേഹത്തിന്റെ
തൂവെള്ള തൂവലുകളെന്നെ പുതച്ചിരിക്കുന്നു....
ലോകം മുഴുവന്‍ കേള്‍ക്കേ വിളിച്ചു പറയാന്‍ എന്റെ മനം
വെമ്പല്‍ കൊള്ളുന്നു...

Wednesday, September 5, 2012

കളിക്കൂട്ടുകാരി...(ഒരു പൈങ്കിളി കഥ)


ട്രിര്‍ണീം.... ട്രിര്‍ണീം....
പുതപ്പിനുള്ളില്‍ നിന്നും ഒരു കൈ പുറത്തേക്കു വന്നു.കട്ടിലിനടുത്തുള്ള ചെറിയ ടേബിളില്‍ വെച്ചിരുന്ന ചെറിയ
ക്ലോക്കിനു നേരെ നീണ്ടു. അലാറം നിലച്ചു...പുതപ്പു ഒന്നു കൂടി നേരെയാക്കി വീണ്ടും ഉറങ്ങാനുള്ള തെയ്യാറെടുപ്പിലായിരുന്നപ്പോഴാണു...ഉമ്മയുടെ നീട്ടിയുള്ള വിളി...

"മോനേ ഷെരീഫേ…ഇജ്ജെന്തൊരു ഒറക്കാ...?
"നേരെത്രായീന്നാ ബിചാരം...അനക്ക് കോളേജീ പോണ്ടേ....?"

അവന്‍ പുതപ്പു മാറ്റി എഴുന്നേറ്റു. ക്ലോക്കിലേക്കു നോക്കി.സമയം 7-50

8.30നു നിഷ വരും.അതിനു മുമ്പ് ബസ്റ്റോപ്പിലെത്തണം.അവന്‍ വേഗം തന്നെ പ്രാഥമിക കാര്യങ്ങളെല്ലാം നിര്‍വ്വഹിച്ചു.ഉമ്മ ഉണ്ടാക്കി കൊടുത്ത പുട്ടും കടലയും വെട്ടി വിഴുങ്ങി ബുക്കുകളുമെടുത്ത് ബസ്റ്റോപ്പിലേക്കു നടന്നു...ബസ്റ്റോപ്പില്‍ അധികം തിരക്കില്ലായിരുന്നു.അവന്‍ എത്തി 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നിഷ വന്നു..
അവനും വേറെ ഒന്നു രണ്ടു പേരും കൂടി പിന്‍ വാതിലിലൂടെ അകത്തേക്കു ചാടി കയറി… പെട്ടെന്നുള്ള ആ പ്രവൃത്തിയില്‍ അവന്റെ കയ്യിലുണ്ടായിരുന്ന ഒരു ബുക്ക് താഴെ വീണത് ഷെരീഫ് അറിഞ്ഞില്ല..

ഷെരീഫ്… നഗരത്തിലെ ഒരു പാരലല്‍ കോളേജ് വിദ്ധ്യാര്‍ത്ഥി

നന്നായി പാടും, നന്നായി ചിത്രം വരയ്ക്കും,അദ്ധ്യാപകര്‍ക്കും, സഹപാഠികള്‍ക്കും ഷെരീഫിനെ വലിയ കാര്യമാണ്..അവന്‍ കോളേജിലെത്തി. ഗേറ്റില്‍ തന്നെ അവനേയും കാത്തു അവന്റെ കൂട്ടുകാര്‍
നില്‍പ്പുണ്ടായിരുന്നു, ഹനീഫ്, നിഷാദ്, രാഹുല്‍..4 പേരും കൂടി ക്ലാസ്സിലേക്കു കയറി... അവന്‍ തലേ ദിവസം ഉറക്കമൊഴിച്ചിരുന്നു വരച്ചുണ്ടാക്കിയ റെക്കോഡ് ബുക്ക് കൂട്ടുകാരെ കാണിക്കാന്‍ നോക്കിയപ്പോഴാണു ഷെരീഫ് അറിയുന്നത്... അവന്റെ റെക്കോഡ് ബുക്ക് കാണാനില്ല.അവന്‍ ആകെ ടെന്‍ഷനിലായി,

"ഡാ എന്റെ റേക്കോഡ് ബുക്ക് കാണാനില്ല..."

എല്ലാവരും കൂടി തിരച്ചില്‍ ആരംഭിച്ചു.ക്ലാസിലും,വന്ന വഴിയിലുമെല്ലാം നോക്കി.ഒരിടത്തും കാണാനില്ല. വീട്ടില്‍ നിന്നും എല്ലാ ബുക്കുകളുടേയും കൂട്ടത്തില്‍ റെക്കോഡ്  ബുക്കും ഉണ്ടന്നു അവന്‍ ഉറപ്പു വരുത്തിയിരുന്നതാണ്...റെക്കോഡ് ബുക്ക് ഇന്നു സബ്മിറ്റ് ചെയ്യേണ്ടതാണ്..എവിടെ പോയി അന്വേഷിക്കും…ആകെ വിഷമിച്ചിരിക്കുമ്പോഴാണു ഒരാള്‍ ഒരു കവറുമായി ഷെരീഫിന്റെ അടുത്തു വന്നത്,അയാള്‍ ആ കവര്‍ ഷെരീഫിനു നേരെ നീട്ടി,അവന്റെ കൂട്ടുകാരന്‍ ഹനീഫാണു ആ കവര്‍ വാങ്ങിയത്..ആ കവറില്‍ നല്ല വടിവൊത്ത കയ്യക്ഷരത്തില്‍ ഷെരീഫിന്റെ പേര്.ഷെരീഫ് ഒഴികെ മറ്റെല്ലാവരും ആകാംക്ഷയോടെ ആ കവറിലേക്കു നോക്കി. ഹനീഫ് ആ കവര്‍ ഷെരീഫിനു നീട്ടി,

"നീ തുറന്നു നോക്കു,അതില്‍ എന്താണെന്നു…?" ഷെരീഫ് പറഞ്ഞു,

ഹനീഫ് ആ കവര്‍ തുറന്നു അതില്‍ കാണാതെ പോയ അവന്റെ റെക്കോഡ് ബുക്കായിരുന്നു
ഒപ്പം നാലായി മടക്കിയ ഒരു പേപ്പറും അതില്‍ മനോഹരമായ കയ്യക്ഷരത്തില്‍ എഴുതിയിരിക്കുന്നു…

''ഒരുപാടൊരുപാട് ഇഷ്ടമാണ്....സ്വന്തം “…എസ്..."

ഷെരീഫ് ആ പേപ്പറും കയ്യില്‍ പിടിച്ചു അന്തം വിട്ടിരുന്നു ചിന്തിച്ചു......
ഇതാരടാ... ഇങ്ങനെ ഒരു കത്തെഴുതാന്‍… ഹനീഫ് ആ പേപ്പര്‍ തട്ടി പറിച്ചു ഉറക്കെ വായിച്ചു

''ഒരുപാടൊരുപാട് ഇഷ്ടമാണ്....സ്വന്തം “…എസ്..."

"ഇതാരാടാ ഷെരീഫേ…സത്യം പറയ്..?" രാഹുലാണതു ചോദിച്ചത്

ഷെരീഫ് കൈ മലര്‍ത്തി

"സത്യായിട്ടും...എനിക്കറിയില്ല ഇതെഴുതിയത് ആരാണെന്നു..."

"പിന്നെ നിന്റെ റെക്കോഡ് ബുക്ക് എങ്ങിനെ അവരുടെ കയ്യില്‍ കിട്ടി...?" നിഷാദിന്റെ ചോദ്യം…

"അതും എനിക്കറിയില്ല.." അപ്പോഴാണു അവനു ഒരു ബോധോദയം ഉണ്ടായത്?

ആ ബുക്ക് കൊണ്ടു വന്ന ആളോട് ചോദിച്ചാല്‍ വിവരം അറിയാന്‍ കഴിയും.അവനും കൂട്ടുകാരും അവിടെയല്ലാം അയാളെ അന്വേഷിച്ചു.അവിടെയെങ്ങും ആരേയും കാണാന്‍ കഴിഞ്ഞില്ല…ഷെരീഫ് ആകെ ചിന്താ കുഴപ്പത്തിലായി..

ആരായിരിക്കും …?

ഷെരീഫിന്റെ അവസ്ഥ കണ്ടപ്പോള്‍ കൂട്ടുകാര്‍ക്കു സഹതാപം തോന്നി...അവര്‍ ഷെരീഫിനോടു പറഞ്ഞു...

" നീ വിഷമിക്കണ്ടാ..ഇതിന്റെ പിന്നില്‍ ആരാണെങ്കിലും നമുക്കു കണ്ടു പിടിക്കാം…"

അങ്ങിനെ ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി..

ഫെബ്രുവരി 14 പ്രണയ ദിനം..

"സംസ്കാര സമന്വയങ്ങളുടെ നിറപ്പൊലിമയില്‍ ഹൃദയത്തില്‍ നിന്നന്യമാകുന്ന സ്നേഹമെന്ന വികാരത്തെ ഓര്‍മ്മപ്പെടുത്തുന്ന ദിനം..."

ഷെരീഫ് പതിവു പോലെ ക്ലാസ്സിലേക്കു പോകാനുള്ള തെയ്യാറെടുപ്പിലായിരുന്നു.അപ്പോഴാണു അവന്റെ ഉമ്മ ഒരു കവര്‍ കൊണ്ടു കൊടുത്തത്..ഒരാള്‍ കൊണ്ടു തന്നതാണെന്നു പറഞ്ഞിട്ട്..ഉടനെ അവന്‍ ആ കവറും തട്ടി പറിച്ചു പുറത്തേക്കോടി…അവിടെ ആരേയും കാണാന്‍ കഴിഞ്ഞില്ല…
അവന്‍ നിരാശനായി..അവന്‍ ആ കവര്‍ പൊട്ടിച്ചു നോക്കി.അതില്‍ ഒരു ഗ്രീറ്റിങ്ങ് കാര്‍ഡ് ആയിരുന്നു...

"ഷെരീഫ്..സോറി.നമ്മള്‍ക്കു കണ്ടു മുട്ടാനുള്ള സമയം ആയിട്ടില്ല..സമയം ആകുമ്പോള്‍ ഞാന്‍ നേരിട്ടു നിന്റെ മുന്നില്‍ വരും...അന്നു നിനക്കെന്നെ മനസിലാകുമോ എന്നെനിക്കറിയില്ല..ഞാന്‍ വരും നിന്നെ കാണാന്‍.
അതിനിനി അധിക നാളില്ല..."

അവന്‍ക്കു സങ്കടവും ദേഷ്യവും ഒരു പോലെ വന്നു.

"ആരാ മോനെ അതു..? എന്താ ആ കവറിനുള്ളില്‍...?"

ഉമ്മാടെ ചോദ്യങ്ങളാണു അവനെ ചിന്തയില്‍ നിന്നുണര്‍ത്തിയത്...അവന്‍ ഒന്നും ഇല്ലന്നു പറഞ്ഞു വീടിനകത്തേക്കു പോയി…വേഗം തന്നെ റെഡിയായി കോളേജിലേക്കു പോയി...ബസ്റ്റോപ്പിലേക്കുള്ള യാത്രയില്‍ അവന്‍ നാലു പാടും നോക്കിയാണു നടന്നത്...ആരെങ്കിലും തന്നെ പിന്തുടരുന്നുണ്ടൊ? ഏതെങ്കിലും പെണ്കുട്ടി തന്നെ നോക്കുന്നുണ്ടോ?..നടന്നു നടന്നു അവന്‍ ബസ്റ്റോപ്പില്‍ എത്തിയതറിഞ്ഞില്ല.. പെട്ടെന്നാണു അവന്‍ കണ്ടത് അന്നു ആ റെക്കൊഡ് ബുക്ക് കൊണ്ടു വന്ന ആള്‍ ഒരു ഓട്ടോറിക്ഷയിലേക്കു കയറുന്നു...അവന്‍ ഓടി... ഓട്ടോറിക്ഷ അപ്പോഴേക്കും പോയ്കഴിഞ്ഞിരുന്നു...അവന്‍ ഓട്ടോറിക്ഷയുടെ നമ്പര്‍ നോട്ട് ചെയ്തു.തിരിച്ചു നടന്നു.അപ്പോഴേക്കും ബസ് വന്നു.അവന്‍ ബസ്സിലേക്കു കയറി..ബസ് നീങ്ങി തുടങ്ങി.അപ്പോഴും അവന്റെ കണ്ണുകള്‍ ആ ഓട്ടോറിക്ഷയേയും ആ അജ്ഞാതനേയും തേടി കൊണ്ടിരുന്നു. കോളേജിലെത്തി എത്രയും വേഗം ഈ കാര്യങ്ങള്‍ അവന്റെ കൂട്ടുകാരോടു പറയണം. അവന്‍ക്കു ബസ്സിനു വേഗത പോരാ എന്നു തോന്നി…അവന്‍ കോളേജിലെത്തി.പതിവു പോലെ കൂട്ടുകാര്‍ ഗേറ്റില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.അവന്‍ കാര്യങ്ങളെല്ലാം കൂട്ടുകാരോടു പറഞ്ഞു.ഓട്ടോറിക്ഷയുടെ നമ്പറും പറഞ്ഞു കൊടുത്തു..

"നമുക്കന്വേഷിക്കാം..നീ വിഷമിക്കണ്ടടാ.."കൂട്ടുകാര്‍ അവനെ സമാധാനപ്പെടുത്തി..

അങ്ങിനെ ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി..

ഒരു ഞായറാഴ്ച...

അവധി ദിവസത്തിന്റെ ആലസ്യത്തില്‍ രാവിലെ കയ്യില്‍ ഒരു ഗ്ലാസ്സില്‍ ചായയും മറുകയ്യില്‍
ന്യൂസ് പേപ്പറുമായി വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോഴാണു ഒരു കാര്‍ ഷെരീഫിന്റെ വീടിന്റെ പടി കടന്നെത്തിയത്...

"ആരാണാവോ രാവിലെ തന്നെ കുറ്റിയും പറിച്ചോണ്ട്...???" ആത്മഗതം പോലെ പറഞ്ഞു

വണ്ടിയില്‍ നിന്നും ഇറങ്ങുന്നവരെ നോക്കി...ആദ്യം ഇറങ്ങിയത് ഒരു ചെറുപ്പക്കാരനായിരുന്നു.....
പിന്നാലെ ഒരു സ്ത്രീയും. അപ്പോഴേക്കും വണ്ടിയുടെ ശംബ്ദം കേട്ടു ഷെരീഫിന്റെ ഉമ്മ പുറത്തേക്കു വന്നു.
വണ്ടിയില്‍ നിന്നും ഇറങ്ങിയ സ്ത്രീയെ കണ്ടു അവന്റെ ഉമ്മ ഒരു നിമിഷം സ്തബ്ദയായി.
പിന്നെ ഓടി ചെന്നു ആ സ്ത്രീയെ കെട്ടി പിടിച്ചു.

"എന്റെ സുഹറാ നീ...???"  ആ സ്ത്രീ പുഞ്ചിരിച്ചു.

രണ്ടു പേരുടെയും കണ്ണു നിറഞ്ഞു.ഷെരീഫിനു ഒന്നും മനസ്സിലായില്ല. ഉമ്മയും സ്ത്രീയും കൂടി എന്തോ
സ്വകാര്യം പറയുന്നതും എന്നിട്ടു വണ്ടിയുടെ ഉള്ളിലേക്കു നോക്കുന്നതും കണ്ടു...അപ്പോഴേക്കും ഡ്രൈവര്‍ സീറ്റില്‍ നിന്നും പുറത്തിറങ്ങിയ ആളെ കണ്ടു ഷെരീഫ് ഒന്നു ഞെട്ടി.
അപ്പോള്‍ അവന്റെ മുഖത്തുണ്ടായ ഭാവമാറ്റങ്ങള്‍ ഉമ്മയും സ്ത്രീയും നിഗൂഡമായി ശ്രദ്ധിച്ചു പരസ്പരം നോക്കി ചിരിച്ചു..അപ്പോഴും ആ പ്രായമായ ആളു പുറത്തു തന്നെ ഇതെല്ലാം നോക്കി നിന്നു ചിരിക്കുകയായിരുന്നു...പെട്ടെന്നു വണ്ടിയുടെ ഉള്ളില്‍ നിന്നും ഡോര്‍ തുറന്നു ഒരാള്‍ കൂടി പുറത്തേക്കിറങ്ങി..

"സുന്ദരിയായൊരു പെണ്‍കുട്ടി"

ഷെരീഫ് ആ കുട്ടിയുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കി...

"ങേഹ്…!!ഈ മുഖം…!!!!"

അതെ താന്‍ തേടി കൊണ്ടിരുന്ന മുഖം...ഊണിലും ഉറക്കിലും ഞാന്‍ കൊണ്ടു നടക്കുന്ന മുഖം...എന്റെ കളിക്കൂട്ടുകാരി....പണ്ടെന്നോ കൈവിട്ടു പോയ തന്റെ ബാല്യ സഖി...

"സജ്ന.."

ആ റെക്കോഡ് ബുക്കിനൊപ്പം കിട്ടിയ കത്തില്‍ " എസ് " എന്നു കണ്ടപ്പോള്‍ മനസ്സില്‍ ആദ്യം ഓടിയെത്തിയത്
അവളുടെ പേരായിരുന്നു.. അറിയാതെ ഞാന്‍ ആശിച്ചിരുന്നു അതു അവളായിരുന്നെങ്കില്‍...

കൈവിട്ടു പോയ കളിപ്പാട്ടം തിരികെ കിട്ടിയ ഒരു കൊച്ചു കുട്ടിയുടെ മനസ്സായിരുന്നു ആ സമയം ഷെരീഫിനു..
സന്തോഷം കൊണ്ടു അവന്റെ കണ്ണു നിറഞ്ഞു..
ഇതു സത്യമോ...? മിത്ഥ്യയോ…? അവന്‍ ഒരു സ്വപ്നലോകത്തകപ്പെട്ട പോലെ...
സജ്നയും അവനെ സൂക്ഷിച്ചു നോക്കി..അവളുടെ ആ തത്തമ്മ ചുണ്ടില്‍
ഒരു നറു നിലാവ് പോലൊരു പുഞ്ചിരി വിടര്‍ന്നു, ചുവന്ന തക്കാളി കവിളുകളില്‍ നാണത്തിന്‍ മൊട്ടു വിരിഞ്ഞു… അവന്റെ മനസ് മനസ്സിലാക്കിയിട്ടെന്ന പോലെ അവന്റെ ഉമ്മ പറഞു..

"മോനേ..ഷെരീഫെ നിങ്ങള്‍ സംസാരിക്കു..ഞങ്ങള്‍ക്കു കുറച്ചു പണിയുണ്ട്. "

എന്നിട്ടു ആ സ്ത്രീയേയും വിളിച്ചു അകത്തേക്കു പോയി..
ആ പ്രായമായ ആളു വന്നു വന്നു ഷെരീഫിന്റെ തോളില്‍ തട്ടിയപ്പോഴാണു
അവന്‍ സ്വപ്ന ലോകത്തു നിന്നിറങ്ങി വന്നത്...ആ ആളും ഡ്രൈവറും കൂടി വീടിനു അകത്തേക്കു നടന്നു.
അപ്പോഴും ഷെരീഫും സജ്നയും കുറ്റിയടിച്ച പോലെ നില്‍ക്കുകയായിരുന്നു.സജ്നയാണു ആദ്യം സംസാരിച്ചു തുടങ്ങിയത്...

"ഹലോ… എന്നെ ഓര്‍മ്മയുണ്ടോ..????"

ഷെരീഫ് പുഞ്ചിരിച്ചു…

അവര്‍ രണ്ടു പേരും കൂടി പതുക്കെ നടന്നു വീടിന്റെ വടക്കു വശത്തേക്കു... അവിടെ ഒരു മാവുണ്ട്..
അവരുടെ പ്രിയപ്പെട്ട സ്ഥലം. പണ്ടു ചെറുപ്പത്തില്‍ മണ്ണപ്പം ചുട്ടു കളിച്ചിരുന്നതും, അച്ചനും അമ്മയും ആയി കളിച്ചിരുന്നതും,ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിരുന്ന സ്ഥലം…രണ്ടു പേരും കുറച്ചു നേരം ഒന്നും മിന്ണ്ടാതെ മുഖത്തോടു മുഖം നോക്കി നിന്നു..എന്തൊക്കെയോ പറയാനും ചോദിക്കാനുമുണ്ട് രണ്ടു പേര്‍ക്കും. പക്ഷെ ശംബ്ദം തൊണ്ടയില്‍ കുടുങ്ങിയിരിക്കുന്നു…
ഒടുവില്‍…

"എവിടെയായിരുന്നു ഇതു വരെ..?" ഷെരീഫ് തന്നെയാണു ആ മൗനത്തിനു വിരാമമിട്ടത്…

"ഞാന്‍ നിന്നെ കുറിച്ചു ആലോചിക്കാത്ത ഒരു ദിവസം പോലുമില്ല..."
"നീ ഇവിടെ നിന്നും പോയതിനു ശേഷമാണു നീ എന്റെ ആരൊക്കെയോ ആയിരുന്നു എന്നു ഞാന്‍ മനാസിലാക്കുന്നത്…നിന്നെ കുറിച്ചു ഉമ്മ എപ്പോഴും പറയുമായിരുന്നു..അന്നെല്ലാം നിന്നെ കാണാന്‍ ഞാന്‍ അതിയായ് ആഗ്രഹിച്ചിരുന്നു..."

അപ്പോഴാണു അവളുടെ കയ്യില്‍ ഒരു ഡയറി അവന്‍ കണ്ടത്. അതു അവള്‍ അവന്‍ക്കു നേരെ നീട്ടി…
തന്റെ നഷ്ടപ്പെട്ടു പോയി എന്നു കുരുതി കുറച്ച് ദിവസമായി അന്വേഷിച്ചു നടക്കുന്ന ഡയറി...

"ഇതു നിനക്കെവിടുന്നു കിട്ടി...?"

"അന്നു ആ റെക്കോഡ് ബുക്ക് കിട്ടിയ ദിവസം ഞാന്‍ ഇവിടെ വന്നിരുന്നു..അന്നു നിന്റെ റൂമില്‍ നിന്നും എടുത്തു കൊണ്ടു പോയതാണെന്ന്...അതില്‍ നീ എന്നെ കുറിച്ചു എഴുതിയത് ഞാന്‍ വായിച്ചു…
നീ എന്നെ സ്നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു…
കഴിഞ്ഞ നാളുകളില്‍ നീ അനുഭവിച്ച അതേ മനോ വേദന ഞാനും അറിഞ്ഞതാണ്…" അവള്‍ പറഞ്ഞു..

"നിന്റെ വേര്‍പാട് എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു… നിന്നെ കുറിച്ച് ഞാന്‍ ഒരുപാട് സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയിരുന്നു...നീ എന്നിലേക്കു മടങ്ങി വരില്ലന്നു കരുതിയിട്ടും… എല്ലാം ദൈവത്തിന്റെ കൃപ...."

സജ്ന എല്ലാം കേട്ടു നിന്നു,അവളുടെ കണ്ണില്‍ നിന്നും സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു വീണു…..
അവളുടെ മനസ്സിലും അപ്പോള്‍ അവന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു…
അപ്പോഴേക്കും ഷെരീഫിന്റെ ഉമ്മടെ വിളി വന്നു...

"മോനേ ഷെരീഫേ... കഴിഞ്ഞില്ലേ നിന്റെ സ്വകാര്യം പറച്ചില്‍…? ഇനി അവള്‍ ഒരുത്തിലും
പോണില്ല..ഇവിടെ തന്നെ ഉണ്ടാകും. നിന്റെ കണ്‍മുന്നില്‍ തന്നെ…എന്താ പോരേ..?
നിനക്കു സമാധാനമായോ???????? "

അവന്റെ മുഖത്തു ആശ്ചര്യം വിടര്‍ന്നു.
അതു കണ്ടു സജ്നയുടെ മുഖം നാണം കൊണ്ടു ഒന്നു കൂടി ചുവന്നു…
തലയിലെ തട്ടം ഒന്നു കൂടി നേരെയാക്കി അവള്‍ അകത്തേക്കോടി…

ഷെരീഫിന്റെ മനസ്സില്‍ ഒരു മാപ്പിളപ്പാട്ടിന്റെ ശീലുണര്‍ന്നു…

Monday, September 3, 2012

ഓര്‍മ്മക്കായ്....

കൊഴിഞ്ഞു വീണ ഇന്നലെകളില്‍
മനസിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ചു
വെച്ച ഒരുപാട് മനോഹര പുഷ്പങ്ങള്‍
മനസിന്റെ അടിത്തട്ടില്‍ നിന്നും പുളകങ്ങള്‍
ചാര്‍ത്തുമ്പോള്‍ വിധിയുടെ കരാള ഹസ്തങ്ങളാല്‍
ഞെരിഞ്ഞമര്ന്ന് വിടരും മുമ്പേ ഞെട്ടറ്റു വീണ
പനിനീര്‍പുഷപ്പത്തിന്റെ ഓര്‍മ്മക്കായ്...

Thursday, August 30, 2012

കലാകാരന്‍


രക്കാനെനിക്ക് അറിയില്ലല്ലോ...?
എന്നിട്ടും നിന്റെ മുഖം ഞാന്‍ വരക്കാന്‍ ശ്രമിച്ചു...
മനസില്‍ വരച്ചു വെച്ചതും എന്നോ പതിഞ്ഞതുമായ
നിന്റെ മുഖം വരകളും വര്‍ണ്ണങ്ങളുമായി പേപ്പറിലേക്ക്
പകരാനെനിക്ക് പ്രയാസമുണ്ടായില്ല...
വരകളിലൂടെ പേപ്പറില്‍ പുനര്‍ജ്ജനിച്ച ചിത്രത്തിനു
താഴെ ഞാനെന്തോ കുത്തിക്കുറിച്ചു വെച്ചു...
ആവര്‍ത്തിച്ചുള്ള വായനയിലാണു അത് നിന്നെ
കുറിച്ചുള്ള കവിതയാണെന്ന് മനസ് എന്നോട് മന്ത്രിച്ചത്...
ഒരു സാധാരണക്കാരനായ എന്നെ കവിയാക്കി,
ചിത്രകാരനാക്കി മാറ്റിയ അത്ഭുതമായിരുന്നു നീ...
ആ അത്ഭുതം ഈ വിദൂരയിലും എനിക്ക് അനുഭവഭേദ്യമാകുന്നു...
അത് കൊണ്ട് തന്നെ ഞാനിന്ന് തികച്ചും സന്തോഷവാനാകുന്നു....
 

Saturday, August 25, 2012

""ഓണാശംസകള്‍""കൊയ്ത്തു കഴിഞ്ഞ പാടത്ത് പനന്തത്തകള്‍ പറന്നിറങ്ങുന്നു.
ആവണി തുമ്പികള്‍ അന്തരീക്ഷത്തില്‍ നൃത്തം വെക്കുന്നു.
കൈത പൂവിനു മുത്തം കൊടുക്കാന്‍ വെമ്പി പറക്കുന്ന
കരിവണ്ടിന്റെ ചുണ്ടില്‍ ഓണത്തപ്പനു കുമ്പ നിറക്കാന്‍
ഓരോ തുള്ളി തേന്‍ തരുമോ എന്ന ശൃംഗാര ഗാനം മുഴങ്ങുന്നു.
കാക്ക പൂക്കള്‍ നാണം കൊണ്ടു മുഖം കുനിക്കുന്നു...

കര്‍ക്കിടകത്തിന്റെ കറുത്ത ചേലകള്‍ വലിച്ചെറിഞ്ഞു
ചിങ്ങം പിറന്നപ്പോള്‍ കര്‍ഷകരുടെ മുഖങ്ങളില്‍ പുഞ്ചിരി!!!
കൊയ്ത്തുപ്പാട്ടിന്റെ ഈണം ചുണ്ടില്‍ നിറയ്ക്കാന്‍
ആഘോഷത്തിമിര്‍പ്പിലാറാടാന്‍ സമസ്ത ജീവ ജാലങ്ങളും
 പ്രകൃതി പോലും ഒരുങ്ങുന്ന ഓണക്കാലം...

ഋതുഭേദങ്ങളുടെ പാരിതോഷികങ്ങള്‍ ഏറ്റു വാങ്ങി
സര്‍വ്വൈശ്വര്യങ്ങളും വാരി വിതറുന്ന നിത്യ ഹരിതമായ
വസുന്ധരയില്‍ നവ ചൈതന്യത്തിന്റെ തിരയടികള്‍...

ഓണത്തിന്റെ ഈ നല്ല നാളുകളില്‍ മലര്‍വാടിയുടെ
ഹൃദയം നിറഞ്ഞ ""ണാശംള്‍"".

Saturday, August 18, 2012

പെരുന്നാള്‍ ആശംസകള്‍...


പ്രവാസികളുടെ മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്തി ഒരു പെരുന്നാള്‍ കൂടി കടന്നു
വരുന്നു. നീല വാനില്‍ പൊന്നമ്പിളി വിടരുമ്പോള്‍ പെരുന്നാളിന്റെ ആരവം ആരംഭിക്കുകയായി..
കുറെ ഫോണ്‍ കോളുകളിലും ആശംസാ കാര്‍ഡുകളിലും ഒരു ബിരിയാണിയിലും ഒതുങ്ങുന്നതാണു പ്രവാസികളുടെ പെരുന്നാള്‍. കുടുംബം കൂടെയില്ലാത്തവര്‍ അനുഭവിക്കുന്ന മാനസിക വിഷമം വര്‍ണ്ണിക്കാനാവില്ല..ബന്ധു വീടുകളില്‍ സന്ദര്‍ശനമില്ല,പുത്തനുടുപ്പുകളണിഞ്ഞു ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞുങ്ങള്‍ ഉയര്‍ത്തുന്ന ആഹ്ലാദത്തിന്റെ അലമാലകളില്ല, മൈലാഞ്ചിയും, ഒപ്പനയുമില്ല,
പെരുന്നാള്‍ സമ്മാനത്തിനായി നീണ്ടു വരുന്ന മൃദുലമായ കുഞ്ഞി കൈകളില്ല,പൂ പുഞ്ചിരികളും, പുന്നാരങ്ങളും, കിന്നാരങ്ങളുമില്ല..പ്രാണ പ്രേയസി കവിളിലേകുന്ന പെരുന്നാള്‍ സമ്മാനത്തിന്റെ സാന്ത്വനമില്ല. പെരുന്നാളിന്റെ ഒടുവില്‍ ഒരിറ്റു കണ്ണീരുമായി അവര്‍ വിതുമ്പുന്നു...
പെരുന്നാളുകള്‍ വരുന്നു, പോകുന്നു. കുറെ മോഹങ്ങളും അതിനു ചേക്കേറാനൊരു ജീവിതവും മാത്രം ബാക്കിയാവുന്നു..അര്‍ത്ഥമില്ലാത്ത പൊട്ടിച്ചിരികളില്‍ നൊമ്പരത്തിന്റെ പൊട്ടിക്കരച്ചിലുകള്‍ ഒളിപ്പിച്ച് ജീവിക്കുന്ന വേദനയുടെ പ്രതീകങ്ങളാണു ഏറെ പ്രവാസികളും.. നേടുന്നതെല്ലാം കൈ വിട്ടു പോവുകയും, നേടാനുള്ളത് ദൂരെയിരുന്നു കൊഞ്ഞനം കുത്തുകയും ചെയ്യുമ്പോള്‍ നന്മയുടെ നിറ സുഗന്ധവുമായി ഒഴുകി വരുന്ന റമദാനും, ബക്രീദും അവരില്‍ ഉണര്‍ത്തുന്ന ആശ്വാസം തീരെ ചെറുതല്ല. ജീവിതം കാത്തിരിപ്പിനു പണയം വെച്ചവര്‍ക്കും വേണമല്ലോ ഇത്തിരി ആശ്വാസം… ആ ആശ്വാസം പകരുന്ന നാളുകളെ പ്രവാസികളെപ്പോഴും ഹൃദയം തുറന്നു കാത്തിരിക്കുന്നു…

ആത്മഹര്‍ഷത്തിന്റെ നിറ സാഫല്യം വഴിഞ്ഞൊഴുകിയ ദിന രാത്രങ്ങള്‍ക്ക് പരി സമാപ്തി.. വിശ്വ വിശ്വാസികളെ ആത്മിയോല്‍ക്കര്‍ഷത്തിന്റെ സോപാനത്തിലേക്കാനയിച്ച ആ പവിത്ര ദിന രാത്രങ്ങള്‍ നമ്മോട് യാത്ര പറയുന്നു..വിശ്വാസികള്‍ നിറ കണ്ണുകളോടെ അതിനെ യാത്രയാക്കുന്നു...

"അസ്സലാമു അലൈക്കും യാ ഷഹറു റമദാന്..."

ഒരു മാസക്കാലം ഖുര്‍ആന്‍ പാരായണത്തിന്റേയും, ദിക്കര്‍ ദുആകളുടേയും,പശ്ചാത്താപ മന്ത്രങ്ങളുടേയും നിലക്കാത്ത ശംബ്ദങ്ങളാല്‍ അന്തരീക്ഷത്തെ മുഖരിതമാക്കിയ കണ്ഠങ്ങളില്‍ നിന്നും തക്ബീറിന്റേയും തൗഹീദിന്റേയും കീര്‍ത്തന ധ്വനികള്‍ പ്രവഹിക്കുകയായി..

"അള്ളാഹു അക്ബര്‍......വലില്ലാഹില്‍ ഹംദ്..."

എല്ലാവര്‍ക്കും മലര്‍വാടിയുടെ പെരുന്നാള്‍ ആശംസകള്‍

Tuesday, July 17, 2012

റമദാന്‍ മുബാറക്


മത്വ സാഹോദര്യത്തിന്റെ സന്ദേശവുമായി,
വിശുദ്ധിയുടെ നിലാവ് പൊഴിയുന്ന ഒരു
റമദാന്‍ കൂടി സമാഗതമായി...
വിശ്വാസി ഹൃദയങ്ങള്‍ പ്രാര്‍ത്ഥനയോടെ
കാത്തിരുന്ന വസന്ത കാലം...
ഐശ്വര്യവും സന്തോഷവും കളിയാടുന്ന പൂക്കാലം...
റമദാനില്‍ മണ്ണിലും വിണ്ണിലും നാഥന്റെ സങ്കീര്‍ത്തനങ്ങള്‍...
ആത്മ നിയന്ത്രണത്തിന്റെ രാപ്പകലുകള്‍...
പകലുകളിലെ പൈദാഹങ്ങള്‍...
രാത്രിയിലെ ആരാധനാ മുഹൂര്‍ത്തങ്ങള്‍...
വിശ്വാസികള്‍ നാഥന്റെ അപദാനങ്ങള്‍ വാഴ്ത്തപ്പെടുന്നു...
കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങുന്നു.
എങ്ങും സൗഹൃദത്തിന്റെ പരിമളം പരക്കുകയായി…
* * * * * * * * * * * * * * * * * * * * * * * *

എല്ലാവര്‍ക്കും മലര്‍വാടിയുടെ റമദാന്‍ ആശംസകള്‍.

* * * * * * * * * * * * * * * * * * * * * * * *

Saturday, June 23, 2012

തിരിച്ചറിവ്

രിച്ച ഇന്നലെകളുടെ തണുത്തുറഞ്ഞ കൈകള്‍ എന്റെ ആത്മാവിനെ
തൊട്ടുണര്‍ത്തുന്നു....എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ സ്വരങ്ങള്‍,
അവരുടെ ഓര്‍മ്മകള്‍... അവ എന്റെ ഹൃദയത്തിന്റെ സ്പന്ദനം
ഒരു നിമിഷത്തേങ്കിലും നിര്‍ത്തുന്നുവോ...? കാലത്തിന്റെ സൂചികള്‍
പിന്നോട്ടു തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍...!!!
പക്ഷെ സ്തംഭനം മൃത്യുവിന്റെ അവകാശമാണല്ലോ....?

സത്യം പറഞ്ഞാല്‍ ഉത്തരവദിത്തങ്ങള്‍ എനിക്കിനി ഏറുകയല്ലേ...?
എന്റെ പൊട്ടിച്ചിരികള്‍  ഇനി വെറും മന്ദഹാസത്തിനും,
എന്റെ കുസൃതികള്‍ ഗൗരവത്തിന്റെ പുറംചട്ടയണിഞ്ഞ
മുഖത്തില്‍ ഒളിപ്പിച്ചു വെക്കേണ്ടി വരില്ലേ...? പിറക്കാന്‍ പോകുന്ന
നിമിഷങ്ങളെ ഞാന്‍ വെറുക്കുന്നു....അവ മധുരമുള്ളതാണെങ്കിലും ശരി...
കാരണം ഇവക്കൊന്നും കഴിഞ്ഞു പോയ എന്റെ നല്ല നിമിഷങ്ങളുടെ,
പ്രിയപ്പെട്ട ഇന്നലേകളുടെ തിളക്കം ഞാന്‍ കാണുന്നില്ലാ...

ഉവ്വ്... ബോധിവൃക്ഷത്തിന്റെ തണല്‍ ഏല്‍ക്കാതെ തന്നെ ഞാന്‍
തിരിച്ചറിഞ്ഞിരിക്കുന്നു... ഞാനും ചലിക്കേണ്ടതാണെന്ന്....
വീണപൂവിന്റെ ദുരവസ്ഥ മനസിലാക്കാതെ അതിന്റെ
ഇതളുകളില്‍ ചവിട്ടിമെതിച്ച് സമയത്തേക്കാള്‍ മുമ്പേ ഗമിക്കണമെന്ന
തൃഷ്ണയുള്ളവരോടൊപ്പം ഞാനും കൂടേണ്ടതാണെന്ന്...
എന്റെ ചിറകുകള്‍ ദൂരെയെവിടേക്കോ പറക്കുവാന്‍ വേണ്ടി
സൃഷ്ടിച്ചതാണെന്ന്... എനിക്കും ധാന്യമണികള്‍ ശേഖരിക്കേണ്ടതാണെന്നും...
വളപ്പൊട്ടുകള്‍ പെറുക്കി വെക്കാനും മയില്‍പ്പീലിത്തുണ്ടുകള്‍
പുസ്തകത്താളുകളില്‍ ഒളിപ്പിച്ചു വെക്കാനുമുള്ള എന്റെ
ആഗ്രഹങ്ങള്‍ ഇനി വേറേ എന്തിനൊക്കെയോ വേണ്ടി
മാറ്റിവെക്കേണ്ടതാണെന്നും......  

Saturday, May 26, 2012

ദുഃഖമോ സഖീ...

ദുഃഖമോ സഖീ ഇന്നലെ രാവില്‍
പെയ്തിറങ്ങി മഴ തേന്‍ത്തുള്ളിയായ്...
ഇലത്തുമ്പു ധ്യാനിക്കുമാകാശ നൊമ്പരം
കവിത തുളുമ്പും കവിള്‍ത്തടമായ്...

എന്റെ സിതാറില്‍ മയങ്ങുന്ന മോഹനം
ലാവണ്യരൂപമായ് പുഞ്ചിരിച്ചു....
ഇടറുമെന്നോര്‍മ്മയില്‍ നിന്റെ കൈവള
തേങ്ങലായ് ചക്രവാളം നിറച്ചു....

എന്റെ കിനാവില്‍ വിടരുന്നൊരോര്‍മ്മയായ്
ഏഴു വര്‍ണ്ണങ്ങളില്‍ നീ നിറഞ്ഞു....
പൂവിലുറങ്ങും നിന്റെ പുഞ്ചിരി
നോവുമായ് എന്‍ ജീവനിലലിഞ്ഞു...

--------------------------------------------------
പിന്നാമ്പുറം :- ശ്രീ വേണുഗോപാല്‍ പാടിയ മനോഹര ഗാനമാണിത്....
എന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്....
ആരുടെയെങ്കിലും കയ്യിലുണ്ടങ്കില്‍ അയച്ചു തരണം...

Saturday, May 12, 2012

കുട്ടപ്പന്‍ ഫ്രം കുട്ടനെല്ലൂര്‍

ന്തിലും ഏതിലും കയറി തലയിടുന്ന.."ഓഹ് ഇതൊക്കെ എന്ത്" എന്ന് വീമ്പ് പറയുന്ന,
"ഞാനൊരു സംഭവമാണെന്ന് "സ്വയം വിശ്വസിക്കുന്ന,മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന"
കുന്നത്തു വീട്ടിലെ കുട്ടപ്പന്‍ ചേട്ടന്‍ " മുംബൈയിലെ ഒരു കമ്പനി ജീവനക്കാരനാണ്...

വഴിയെ പോകുന്ന വയ്യാവേലി അഴയില്‍ കിടക്കുന്ന തോര്‍ത്തു  മുണ്ടെടുത്ത് തോളത്തിടുന്ന
ലാഘവത്തോടെ എടുത്ത് തോളത്ത് വെക്കും...ആരെങ്കിലും ഒരാളെ കുറിച്ച് പറയുന്നത് കുട്ടപ്പന്‍ ചേട്ടന്റെ ചെവിയില്‍ അതെത്തിപ്പെട്ടാല്‍ പിന്നെ കുട്ടപ്പന്‍ ചേട്ടന്‍ തന്റെ വീമ്പ് പറച്ചില്‍ തുടങ്ങും...

" ആരു സില്‍മാ നടന്‍ മമ്മൂട്ടിയാ...? അവന്‍ നുമ്മടെ പയ്യനല്ലേ....? ദേ ഈ കയ് കണ്ടാ.. ഒരിക്കല്‍ നുമ്മടെ വീടിനടുത്ത് സില്‍മാ പിടുത്തത്തിന്‍ വന്നപ്പോ ഈ കയ് കൊണ്ടാ അവന്‍ക്ക് ഞാരങ്ങാ വെള്ളം കലക്കി കൊടുത്തത്...അന്നു തുടങ്ങിയ ബന്ധാ ഞങ്ങളു തമ്മില്‍..." അങ്ങിനെ അങ്ങിനെ...

ഓഫീസിലുള്ളവര്‍ക്ക് കുട്ടപ്പന്‍ ചേട്ടന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് എല്ലാവരും ഒരു ചിരിയോടെ കേട്ടിരിക്കും..... അങ്ങിനെയിരിക്കെ ഒരു ദിവസം....കുട്ടപ്പന്റെ ചേട്ടന്റെ ഈ വീമ്പു പറച്ചില്‍ "അണ്‍സഹിക്കബ്‌ള്‍" ആയപ്പോള്‍ മറ്റുള്ള സ്റ്റാഫുകള്‍ കൂടി എടുത്ത തീരുമാന പ്രകാരം അമേരിക്കയില്‍
ഒരു മീറ്റിങ്ങിനു പോകാന്‍ കമ്പനി മാനേജര്‍ കൂട്ടിനായി വിളിച്ചത് നമ്മുടെ കുട്ടപ്പന്‍ ചേട്ടനെയായിരുന്നു....
അതിനു പിന്നിലൊരു നിഗൂഢ ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു...ഈ യാത്രയോടെ കുട്ടപ്പന്റെ
വീമ്പു പറച്ചില്‍ അവസാനിപ്പിക്കണം അതിനുള്ള എല്ലാ പദ്ധതികളും മാനേജര്‍ തയ്യാറാക്കി..
അങ്ങിനെ ആ ദിവസം വന്നെത്തി....കുട്ടപ്പന്‍ ചേട്ടനെ എല്ലാവരും "ഓള്‍ ദി ബെസ്റ്റ്" പറഞ്ഞ് യാത്രയാക്കി...

ആദ്യ ദിവസം കമ്പനി മീറ്റിങ്ങ് കഴിഞ്ഞു....
പിറ്റെ ദിവസം രാവിലെ തന്നെ മാനേജര്‍ കുട്ടപ്പനെ വിളിച്ച് പറഞ്ഞു...

"മിസ്റ്റര്‍ കുട്ടപ്പന്‍,നമ്മളിന്ന് നിന്റെ കൂട്ടുകാരനായ ക്ലിന്റനെ കാണാന്‍ പോകുകയാണ്..."

"ഓഹ് അതിനെന്താ...ഞാനിപ്പൊ തന്നെ ക്ലിന്റൂനെ വിളിച്ച് പറയാം..നമ്മളങ്ങോട്ട് വരുന്നുണ്ടന്ന്...."

യാത്രയില്‍ പണ്ട് ലെവന്‍സ്കിയുമായുള്ള ക്ലിന്റൂന്റെ ഡിന്‍ഗോള്‍ഫിക്കേഷന്‍ കുട്ടപ്പന്‍ ചേട്ടന്‍ സെറ്റപ്പ് ആക്കി കൊടുത്തതാണെന്ന് വരെ പറഞ്ഞു...കുട്ടപ്പന്റെ സ്ഥിരം വീമ്പ് പറച്ചിലായേ മാനേജര്‍ക്കതിനെ തോന്നിയുള്ളൂ....അങ്ങിനെ രണ്ട് പേരും കൂടി ക്ലിന്റന്റെ വീട്ടിലെത്തി...സെക്ക്യൂരിക്കാര്‍ കുട്ടപ്പനേയും മാനേജരേയും തടഞ്ഞ് നിര്‍ത്തി...അത് കണ്ടപ്പൊ മാനേജര്‍ ഉള്ളില്‍ ചിരിച്ചു...കുട്ടപ്പാ നിന്റെ വീമ്പ് പറച്ചില്‍ ഇതോടെ നില്‍ക്കും.പെട്ടെന്നാണു ക്ലിന്റന്‍ വീടിനകത്ത് നിന്ന് ഓടിയെത്തിയത്...
കണ്ടയുടനെ കുട്ടപ്പനെ കെട്ടിപ്പിടിച്ച് കുശലന്വേഷണം തുടങ്ങി...

"ഹായ് കുട്ടപ്പന്‍ ഹൌ ആര്‍ യു...?"

"ഹായ് ക്ലിന്റൂ...ഹൌ ഡു യു ഡു...?"

"എവരിത്തിങ്ങ് ഫൈന്‍ ക്ലിന്റൂ..."

ക്ലിന്റന്‍ കുട്ടപ്പനേയും മാനേജറേയും അകത്തേക്ക് കൊണ്ട് പോയി...
കുട്ടപ്പന്റേയും ക്ലിന്റന്റേയും റിലേഷന്‍ കണ്ടപ്പൊ മാനേജരുടെ കണ്ണു പുറത്തേക്ക് തള്ളി....
കുറച്ച് നേരം അവര്‍ സംസാരിച്ച് ഇനിയും ഇടക്കിടെ വരാമെന്നു പറഞ്ഞ് കുട്ടപ്പന്‍ ചേട്ടനും മാനേജരും അവിടെ നിന്ന് യാത്രയായി....

മാനേജര്‍ തന്റെ കാര്‍ പായിച്ചത് ജോര്‍ജ് ബുഷിന്റെ വീട്ടിലേക്കായിരുന്നു....
ബുഷിന്റെ വീട്ടിലേക്കാണു പോകുന്നതെന്ന വിവരം മാനേജര്‍ കുട്ടപ്പനോട് പറയാതെ രഹസ്യമാക്കി വെച്ചു...
അവിടെയും മുമ്പത്തെ പോലെ സെക്ക്യൂരിക്കാര്‍ അവരെ തടഞ്ഞു...

കുട്ടപ്പന്‍ ചേട്ടന്‍ പറഞ്ഞു...

"ഞാന്‍ "ബുഷൂ"ന്റെ കൂട്ടുകാരന്‍ കുട്ടപ്പന്‍....സംശയമുണ്ടങ്കില്‍ ബുഷൂനെ വിളിച്ച് ചോദിക്കൂ..."

സെക്ക്യൂരിറ്റിക്കാരന്‍ തന്റെ കോഡ്‌ലെസ് ഫോണിലൂടെ ബുഷുമായി ബന്ധപ്പെട്ടു....

"യെസ് സാര്‍, സോറി സാര്‍,...ഓക്കെ സാര്‍..."

സെക്ക്യൂരിറ്റിക്കാരന്റെ മുഖത്തെ ഭാവഭേദങ്ങള്‍ നോക്കി കണ്ട മാനേജര്‍ക്ക് ഏകദേശം കാര്യങ്ങള്‍ പിടിക്കിട്ടിയിരിക്കുന്നു...ഇവിടേയും തന്റെ പദ്ധതി പാളിയിരിക്കുന്നു..
അപ്പോഴേക്കും ബുഷ് പുറത്തേക്ക് വന്നു...

"ഹായ് കുട്ടപ്പന്‍....വാട്ടെ എ സര്‍പ്രൈസ് വിസിറ്റ്...?"

"വെല്‍കം ടു മൈ ഹോം....ഹൌ ആര്‍ യു...?"

കുശലപ്രശ്നങ്ങള്‍ക്ക് ശേഷം കുട്ടപ്പനും മാനേജരും ഇനിയും ഇടക്കിടെ വരാമെന്നു പറഞ്ഞ് അവിടെ നിന്നും യാത്രയായി...

അവിടെ നിന്നും അവര്‍ നേരെ പോയത് മാര്‍പ്പാപ്പയെ കാണാണായിരുന്നു...
അങ്ങോട്ടാണു പോകുന്നതെന്ന വിവരം കുട്ടപ്പനോട് പറഞ്ഞപ്പോ കുട്ടപ്പന്റെ വക ഒരു പുഞ്ചിരിയായിരുന്നു മറുപടി....അങ്ങിനെ മാര്‍പ്പാപ്പയുടെ കൊട്ടാരത്തില്...

ഒരു സമയം ഒരു വിസിറ്ററെ മാത്രമെ മാര്‍പ്പാപ്പായെ കാണാനനുവദിക്കൂ എന്ന് പറഞ്ഞപ്പോ മാനേജര്‍ കുട്ടപ്പനെ അകത്തേക്ക് കയറ്റി വിട്ടു....

"കുട്ടപ്പന്‍ പോയിട്ട് വാ....ഞാന്‍ പുറത്ത് നില്‍ക്കാം..."

ഇപ്രാവശ്യം കുട്ടപ്പന്‍ കുടുങ്ങിയത് തന്നെ എന്നാലോചിച്ച് നില്‍ക്കുമ്പോഴാണ്
കൊട്ടാരമട്ടുപ്പാവില്‍ മാര്‍പ്പാപ്പയും കുട്ടപ്പനും കൂടി പ്രത്യക്ഷപ്പെട്ടത്....
കുട്ടപ്പന്‍ മാനേജരുടെ നേരെ കൈ വീശി...
-------------------------------------------------------------
തന്റെ മാനേജരോട് ഒരാള്‍ എന്തോ ചോദിക്കുന്നതും പെട്ടെന്ന് മാനേജര്‍ കുഴഞ്ഞ് വീഴുന്നതും പെട്ടെന്നാണു മട്ടുപ്പാവില്‍ നിന്നും കുട്ടപ്പന്‍ കണ്ടത്...

കുട്ടപ്പന്‍ ഓടി മാനെജരുടെ അടുത്തെത്തി മാനേജരെ താങ്ങിയെടുത്തു...
അല്പനേരത്തിനു ശേഷം മാനേജര്‍ കണ്ണു തുറന്നു ചുറ്റുമൊന്ന് കണ്ണോടിച്ചു....
കുട്ടപ്പന്‍ തന്നെ നോക്കി കഷ്ടം വെച്ചിരിക്കുന്നു...മാനേജര്‍ കുട്ടപ്പന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി.....

"എന്താ സാര്‍...? എന്തുപറ്റി...?" കുട്ടപ്പന്‍ ചോദിച്ചു....

 അതിനു മറുപടി ഒരു മറു ചോദ്യമായിരുന്നു....

"കുട്ടപ്പാ നീ ആരാണ്....?"

അല്പ നേരം ബോധക്ഷയമുണ്ടായപ്പോ തന്റെ മാനേജര്‍ക്ക് വട്ടായോന്ന് കുട്ടപ്പനു സംശയമായി..

"സര്‍ ഞാന്‍ കുട്ടപ്പന്‍ ഫ്രം കുട്ടനെല്ലൂര്‍, സാറിന്റെ കൂടെ മീറ്റിങ്ങിനു വന്നത് ഞാനാ...."

"എന്താ സാറിനു പറ്റിയത്....? "

"കുട്ടപ്പാ...ക്ലിന്റന്‍ നിന്റെ കൂട്ടുകാരനാണെന്ന് നീ പറഞ്ഞപ്പൊ അത് നിന്റെ വീമ്പ് പറച്ചിലായേ ഞാന്‍ കരുതിയുള്ളൂ....പക്ഷെ അവിടെ ചെന്നപ്പൊ മനസിലായി അത് വീമ്പ് പറച്ചിലല്ലന്ന്....
അത് കൊണ്ടാണു ബുഷിന്റെ വീട്ടിലേക്ക് പോകുന്ന വിവരം ഞാന്‍ രഹസ്യമാക്കി വെച്ചത്...
പക്ഷെ അവിടെയും ഞാന്‍ പരാചിതനായി....അങ്ങിനെയാണു നിന്നെ മാര്‍പ്പാപ്പയെ കാണാന്‍ കൊണ്ട് പോയത്...അവിടെ വെച്ച് ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണു സംഭവിച്ചത്..."

"ഉവ്വ് സാര്‍ ഞാന്‍ കണ്ടിരുന്നു....ഒരാള്‍ സാറിനോട് എന്തോ വന്നു ചോദിക്കുന്നതും, സാര്‍ കുഴഞ്ഞ് വീഴുന്നതും...അതെന്താ അയാള്‍ വന്ന് സാറിനോട് ചോദിച്ചത്...?"

"അതോ...നീയും മാര്‍പ്പാപ്പയും കൂടി മട്ടുപ്പാവില്‍ വന്നില്ലേ....?"
അയാളെന്നോട് ചോദിച്ചത്...

നിന്നെ ചൂണ്ടികാണിച്ച് "അത് കുട്ടപ്പനല്ലേ...കുട്ടപ്പന്റെ കൂടെ നില്‍ക്കുന്നതാരാന്നാ....?"

പിന്നെ എനിക്കൊന്നുമോര്‍മ്മയില്ല....

----------------------------------------------------------------------------------------------
പിന്നാമ്പുറം : കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം.
പണ്ടെന്നോ ഒരു കൂട്ടുകാരന്‍ പറഞ്ഞ്  തന്ന കഥ
ഓര്‍മ്മയുടെ താളുകളില്‍ നിന്നും പകര്‍ത്തിയെഴുതിയതാണ്...
അതു കൊണ്ട് തന്നെ വിചാരിച്ച അത്ര ഫീല്‍ കൊണ്ട് വരാന്‍ പറ്റിയോ എന്നറിയില്ല...


Thursday, May 10, 2012

ഇതെന്റെ പ്രണയമാണ്...പ്രിയപ്പെട്ടവനേ...
ഇതെന്റെ പ്രണയമാണ്...എന്റെ കണ്ണില്‍ കൊളുത്തി
വെച്ചിട്ടും നീ കാണാതെ പോയത്, എന്റെ ചുണ്ടില്‍
വിറയാര്‍ന്നു നിന്നിട്ടും നീ അറിയാതെ പോയത്
അല്ലെങ്കില്‍ നീ എങ്ങിനെ അറിയാനാണ്, ഞാനൊരിക്കലും
എന്നെ നിനക്കെതിര്‍പാര്‍ത്തു നിര്‍ത്തിയിട്ടില്ലല്ലൊ
ഞാനെന്നും നിന്റെ പുറകെയായിരുന്നു...
നീ നടന്ന വഴികളിലൂടെ ദിവസങ്ങള്‍ക്കു ശേഷം നടക്കുന്പോഴും
നിന്നെ പിന്തുടരുകയാണെന്നു വെറുതെ ഓര്‍ത്തു കൊണ്ട്..

Monday, May 7, 2012

മുഖം ദര്‍ശിക്കാന്‍....

വനിയിലെ തമസ്സകറ്റി
രണ്യത്തിനു ഹരിതാഭ നീട്ടി
രുളിനെ കീറി മുറിച്ച്
  റന്‍ മേഘങ്ങളെ തൊട്ടുണര്‍ത്തി
ണങ്ങി വരണ്ട ധരണിയെ
റയാക്കി കടന്നു വരുന്ന
തുക്കള്‍ ഴുതി ചേര്‍ക്കുന്ന
ഴു വര്‍ണ്ണങ്ങളുടെ ക്യ ചിത്രങ്ങള്‍
രു നിമിഷം ര്‍മ്മകളെ തൊട്ടുണര്‍ത്തുമ്പോള്‍
പചാരികതയുടെ മുഖം മൂടി അണിയാതെ
അംബര ചുംബിത മോഹങ്ങളില്‍
ഹങ്കരിക്കാതെ കാലമാകുന്ന
പക്ഷികള്‍ തന്‍ ചിറകുകള്‍ നീട്ടി
ദിക്കുകളില്‍ നിന്ന് ദിക്കുകളിലേക്ക് പറന്നുയരുന്നു...
കാലത്തിന്റെ മുടിയില്‍ ചൂടിയ പൂക്കള്‍
വാടുകയും പൊഴിയുകയും ചെയ്യുന്നു....
മനസിലിട്ട് താലോലിച്ചതും മോഹിച്ചതുമായ
പലതും വെറും സ്വപ്നങ്ങളായി മാറുന്നു...
എങ്കിലും ഒത്തിരി ഒത്തിരി സ്വപ്നങ്ങളും മോഹങ്ങളും
മനസിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ച് വെച്ച്
ഏകാന്ത വേളയില്‍ അവയെ ഒന്നൊന്നായി
എടുത്ത് താലോലിക്കുന്ന നമ്മള്‍
 ജീവിതമാകുന്ന തോണി തുഴയുകയാണ്....
നാളുകളുടെ മനോഹരമായ മുഖം ദര്‍ശിക്കാന്‍....

Thursday, May 3, 2012

പ്രിയ കൂട്ടുകാരാ..

പത്തു ദിവസത്തെ ക്രിസ്തുമസ് അവധി കഴിഞ്ഞു സ്കൂളിലെത്തിയ എന്നെ കാത്തിരുന്നത് ഒരു നടുക്കുന്ന വാര്‍ത്തയായിരുന്നു...
ഹസീബ് മരിച്ചു..ക്യേന്‍സറായിരുന്നു…ഞാന്‍ ഞെട്ടി..ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്..
എപ്പോഴും എല്ലാവരോടും കളിച്ചു ചിരിച്ചു നടന്നിരുന്ന ഹസീബ്...
എന്നെ വിട്ടു പോയിരിക്കുന്നു..കണ്ണില്‍ ഇരുട്ടു കയറുന്ന പോലെ തോന്നിയെനിക്ക്..
ഞാന്‍ ഹസീബിന്റെ വീട്ടിലേക്കു ഓടി...
അവിടെ ചെന്നപ്പോള്‍ പൂഴിമണ്ണു വാരിയിട്ടാല്‍ നിലത്തു വീഴില്ല.അത്രക്കും ജനങ്ങളുണ്ടായിരുന്നു..
ഞാന്‍ ആ തിരക്കിനിടയിലൂടെ വീടിനകത്തേക്കു കയറി… എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ ഒന്നു കാണാന്‍.അവിടെ കണ്ട കാഴ്ച .എന്റെ ഹ്രിദയം തകര്‍ന്നു പോയി…അതു എന്റെ ഹസീബാണോ എന്നു ഞാനൊരു നിമിഷം സംശയിച്ചു..ചുമന്നു തുടുത്ത അവന്റെ മുഖമെല്ലാം ഒട്ടി,ചുണ്ടുകളെല്ലാം വിണ്ടു കീറി,തലമുടിയെല്ലാം കൊഴിഞ്ഞു..ആകെ മാറിയിരിക്കുന്നു…
മനസ്സില്‍ അവനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു അലകടലായി തിളച്ചു പൊന്തി....

പ്രിയ കൂട്ടുകാരാ…കുറച്ചു നാളത്തെ പരിചയം.അതു നമ്മുടെ ഇടയില്‍ തീര്‍ത്ത ആത്മ ബന്ധം..
എന്നിട്ടും നീയെന്തേ... എന്നോട് പറയാതിരുന്നത്..?ഞാന്‍ നിന്നോട് പലയാവര്‍ത്തി ചോദിച്ചിട്ടും ഒരു പുന്ചിരി, അല്ലങ്കില്‍ കൊച്ചു കൊച്ചു നുണകളില്‍ നീ എല്ലാം മറച്ചു വെച്ചു… നീ പാടാറുള്ള ആ പാട്ട്..അപ്പോഴും ഞാന്‍ കരുതിയിരുന്നില്ലല്ലോ… അതു നിന്റെ ജീവിതമായിരുന്നു എന്നു...
അതെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു നമ്മള്‍ ആദ്യമായി കണ്ടു മുട്ടിയത്..
ഒരു പുതുമുഖത്തിന്റെ അങ്കലാപ്പോടെ ഞാന്‍ ആ ക്ലാസ്സിലെത്തിയ ദിവസം..നീയാണു എന്നെ വന്നു ആദ്യമായി പരിചയപ്പെട്ടത്..നീയെന്റെ പേരു ചോദിച്ചു..വീട് എവിടെയാണെന്നു ചോദിച്ചു..നാടും വീടും വിട്ടു ദൂരെ വന്നു താമസിച്ചു പഠിച്ചിരുന്ന എന്നെ നിനക്ക് വല്ലാതിഷ്ടമായി എന്നു നീ എത്രയോ വട്ടം പറഞ്ഞിരിക്കുന്നു… നീ ഇടക്കിടെ ക്ലാസ്സില്‍ വരാതിരിക്കുമ്പോള്‍ പിന്നീടു നീ ക്ലാസ്സില്‍ വരുമ്പോള്‍ നിന്നോടു ഞാന്‍ പലയാവര്‍ത്തി ചോദിച്ചിരിക്കുന്നു നീ എവിടേക്കാ ഇടക്കിടെ ലീവ് എടുത്തു പോകുന്നതെന്നു..? അതിനു നിന്റെ കയ്യില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു.. പ്രിയ കൂട്ടുകാരാ...ഒരു വാക്കു നീയെന്നോട് പറഞ്ഞില്ലല്ലോ…?
എനിക്കറിയാം ഞാന്‍ വിഷമിക്കുന്നത് കാണാന്‍ നിനക്കിഷ്ടമില്ലായിരുന്നു എന്നു… അതു കൊണ്ടല്ലേ അടുത്ത ക്ലാസ്സിലെ സുനില്‍ എന്നോട് വഴക്കു കൂടിയപ്പോള്‍ നീ അവനുമായി വഴക്കിട്ടത്…
തല്‍ക്കാല ദുനിയാവു കണ്ടു നീ മയങ്ങാതെ...
എപ്പോഴും മരണം നിന്‍ കൂടെയുണ്ട് മറക്കാതെ...
നീ എപ്പോഴും മൂളി നടക്കാറുള്ള ആ പാട്ടു ഒരിക്കല്‍ ക്ലാസ്സിലെ ഒഴിവു പിരിയഡില്‍ നീ എല്ലാവരും കേള്‍ക്കെ പാടിയപ്പോള്‍ ഞാന്‍ അതു കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു..
എനിക്കറിയില്ലായിരുന്നു നീ നിന്നെ കുറിച്ചു തന്നെയാണു പാടിയതെന്ന്….
അന്നു ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞു പത്ത് ദിവസത്തെ അവധിക്കു ഞാന്‍ വീട്ടിലേക്കു പോകാന്‍ നേരം യാത്ര പറയാന്‍ നിന്റെ അരികിലേക്കു വന്നപ്പോള്‍ ഞാന്‍ നിന്റെ കണ്ണില്‍ ഒരിക്കലും കാണാത്ത കണ്ണുനീര്‍ കണ്ടു..അന്നു ഞാന്‍ നിന്നോട് ചോദിച്ചു...എന്താടാ..?നീ എന്തിനാ കരയുന്നത്…?അന്നെങ്കിലും നിനക്കു പറയാമായിരുന്നു.. നിന്റെ ജീവിതത്തിലെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നു…ഒന്നും പറയാതെ നീ നിറകണ്ണുകളോടെ ഒരു ചെറു പുന്ചിരിയുമായി നീ എന്നെ യാത്രയാക്കി…അന്നു ഞാന്‍ കരുതിയില്ല അതു നമ്മുടെ അവസാനത്തെ യാത്ര പറച്ചിലാണെന്ന്…
എന്റെ കണ്ണിനു ചെറിയ മങ്ങല്‍ പോലെ..
എന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു..
ഞാന്‍ പതിയെ വീടിനു പുറത്തിറങ്ങി..ആരും കാണാതെ
എനിക്കു കുറച്ചു നേരം കരയണം...അതിനായ് ഒരിടം തേടി
ഞാനലഞ്ഞു..ആളൊഴിഞ്ഞൊരു മൂലയില്‍ ഞാനൊരിടം കണ്ടെത്തി.എന്റെ സങ്കടങ്ങള്‍ കണ്ണീരായി പുറത്തേക്കു ഒഴുകി വന്നു..പെട്ടെന്നാണു ആ വഴി ഒരാള്‍ കടന്നു വന്നത്..ഞാന്‍ വേഗം കണ്ണീര്‍ തുടച്ചു..ഹസീബിന്റെ ഒരയല്‍വാസിയായിരുന്നു അത്. അയാളോട് ഞാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു..അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞാന്‍ സ്തബ്ധനായി നിന്നു...
ഹസീബിനു ഈ അസുഖം തുടങ്ങിയിട്ടു നാളുകളേറെയായി എന്നും..
ഇടക്കിടെ ഹോസ്പിറ്റലില്‍ പോയി ട്രീറ്റ്മെന്റ് നടത്തുമെന്നും...
മയ്യിത്ത് പള്ളിലേക്ക് കൊണ്ടു പോകും മുന്പ് എനിക്കൊന്നു കൂടി ഹസീബിനെ കാണണമെന്നു
തോന്നി..ഞാന്‍ വീണ്ടും വീടിനകത്തേക്കു കയറി...ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക്...
അപ്പോഴാണു എനിക്ക് രെഹനയെ ഓര്‍മ്മ വന്നത്..
ഞാന് ചുറ്റും കണ്ണോടിച്ചു..എവിടെ രെഹന…?ഒരു മാത്ര ഞാന് കണ്ടു.. ഒരു ഭ്രാന്തിയെ പോലെ തലമുടിയെല്ലാം പാറി പറന്നു ഒരു നിര്ജീവമായ ശരീരവുമായി…..മരവിച്ച മനസ്സുമായി..ഒരു തുള്ളി കണ്ണുനീര് പോലും പൊടിയാത്ത കണ്ണുകളുമായി അവനെ തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന രെഹനയെ...
ഹസീബിന്റെ എല്ലാമെല്ലാമായിരുന്നവള്..അവള്ക്കുമങ്ങിനെ തന്നെയായിരുന്നു.. അധിക നേരം എനിക്കാ കാഴ്ച്ച കണ്ടു നില്ക്കാനാവാതെ നിറകണ്ണുകളോടെ ഞാന് പിന്തിരിഞ്ഞു നടന്നു…

പ്രിയ കൂട്ടുകാരാ..
നിന്റെ ഓര്‍മ്മകളില്‍ ഞാനിന്നും ജീവിക്കുന്നു...

Wednesday, April 25, 2012

ചൊവ്വാ ദോഷം

വാര്‍ത്ത വായിക്കാന്‍ നികേഷ്‌ കുമാര്‍ ലാപ്‌ ടോപ്പ്‌ തുറന്നു വച്ചിരിക്കുന്നത് പോലെ .....
വെറ്റിലച്ചെല്ലത്തിന്റെ മൂടി തുറന്ന് വെച്ച്, ടേബിളിലേക്ക് കൈമുട്ട് താങ്ങ് കൊടുത്ത് മുന്നോട്ടാഞ്ഞിരിക്കുന്നതിനു പകരം കാലു രണ്ടും നീട്ടി വെച്ച് അന്നു രാവിലെ കിട്ടിയ വാര്‍ത്തകള്‍ വിളമ്പുകയാണു "വാര്‍ഡ് ബി.ബി.സി.യായ നാണിയമ്മ...സ്റ്റുഡിയോയിലെ അതിഥിയെ പോലെ കൂട്ടത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എന്റെ വല്ലുമ്മയും.... ലൈവ് പ്രോഗ്രാം പോലെ ഇടക്കിടെയുള്ള ഈ വിളമ്പിനിടയില്‍ കാലിത്തൊഴുത്തില്‍ നിന്നും കറവക്കാരന്‍ കുമാരേട്ടന്റെ ചോദ്യങ്ങള്‍ക്കും നാണിയമ്മ മറുപടി പറയുന്നുണ്ട്...

"പാത്തുട്ടിമ്മറിഞ്ഞോ...ഇമ്മടെ വല്യോത്തെ ചന്ദ്രൂന്റെ മോളില്ലേ...? അവള്‍ തിരിച്ച് വന്നൂന്ന്..."

 "ഏത്...ആ ഒളിച്ചോടി പോയ കുട്ട്യാ....? "

"ആന്നേ..കൂടെ അവള്‍ടെ കെട്ട്യോനും ഒരു കുട്ടീംണ്ട്..."
"അവളിപ്പൊ നല്ല നെലേലാ....അന്നു ചന്ദ്രനും കൂട്ടരും കൂടി ആ കുട്ടീനെ കുറെ ഉപദ്രവിച്ചേക്ക്‌ണ്...അവളവനെ വിട്ട് പോരുല്ലാന്ന് കട്ടായം പറഞ്ഞ്...അതോണ്ടെന്തായി ആ കുട്ടി രക്ഷപ്പെട്ട്...."

"ങാഹ്!....അതങ്ങിനെയല്ലേ നാണിയമ്മേ...? ആറ്റു നോറ്റുണ്ടായ കുട്ടി ഒരു മാപ്പെള ചെക്കന്റെ കൂടെ ഒളിച്ചോടി പോയീന്നറിഞ്ഞാ അവരു സമ്മയ്ക്ക്യോ...? "

"അയ്ന്...ആ കുട്ടീനേം പറഞ്ഞിട്ട് കാര്യല്ല...ചൊവ്വാ ദോഷത്തിന്റെ പേരും പറഞ്ഞ് അവള്ടെ അനിയത്തി എന്നും പ്രശ്നല്ലായിരുന്നോ....? ചേച്ചി നിക്കുമ്പ അനിയത്തിടെ കല്യാണം നീണ്ട് പോണന്നും പറഞ്ഞ് എന്തായിരുന്ന് പുകില്‍...."സരോജിനീം എടക്കെട്ക്ക് കുത്തുവാക്കുകള്‍ പറേണത് ഞാന്‍ ദേ ഈ ചെവി കൊണ്ട് കേട്ടീരിക്ക്‌ണ്."


"വീട്ടിലിരുന്നാ അയിനു വട്ടാവുംന്ന് കരുത്യാവും...അത് വീണ്ടും പഠിക്കാന്‍ പോയി തൊടങ്ങ്യേത്..."

"എന്നിട്ടെന്തായി..... കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയോട്‌ത്തെ മാപ്പെള ചെക്കനുമായി അവളു ലോഹ്യത്തിലായി..."

"അവളും ഒരു പെണ്ണല്ലേ... മജ്ജയും മാംസവുമുള്ള പെണ്ണ്...അവള്‍ക്കുമുണ്ടാകില്ലെ...മോഹങ്ങളും, സ്വപ്നങ്ങളും...."

"എന്തോരം ആലോചെനേളാ മൊടങ്ങി പോയത്.....ചൊവ്വാ ദോഷത്തിന്റെ പേരും പറഞ്ഞ്...."

"പോരാഞ്ഞ് ചന്ദ്രൂന്റെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ടോരും കൊറെയെണ്ടല്ലാ.....കല്യാണം മൊടക്കാനായ്ട്ട്..."

"ആ ചെക്കന്‍ മാന്യായ്ട്ട് വന്ന് ചന്ദ്രൂനോട് ചോയ്ച്ചെന്ന്....മോളെ കെട്ടിക്കോട്ടേന്ന്...?"

"അയ്ന്റെ പേരില്...‍ എന്തൊക്കെ ബഹളാ നടന്നത്...ആ കുട്ടീനെ പിടിച്ച് പൊതിരെ തല്ലില്ലേ ആളോളെ മുന്നീ വെച്ച്...പോരാത്തതിനു മുറീ പൂട്ടിയിടേം ചെയ്ത്...എന്നിട്ടും അവള്‍ ചാടിപോയി....അതു കൊണ്ടെന്തായി ആ കുട്ടി രക്ഷപ്പെട്ട്...."

"അവള്‍ടെ അനിയത്തിടെ കാര്യാ കഷ്ടായത്...."

"പത്തില്‍ പത്ത് ജാതകപൊരുത്തോംണ്ടന്ന് പറഞ്ഞ് നടത്ത്യ കല്യാണാ....മാസം ഒന്ന് തെകഞ്ഞില്ല....ആ പുയ്യാപ്ളേട മയ്യത്തല്ലേ ഉമ്മറത്ത് കൊണ്ടന്ന് കെടത്ത്യേത്..."

"മനുഷേന്റ അവസ്ഥ അതാണു നാണിയമ്മേ...."

"അന്ന് കെടന്നതാ...ചന്ദ്രൂന്റെ കെട്ട്യോളു സരോജിനി....ഇപ്പൊ ഒന്നും രണ്ടുമൊക്കെ കെടന്ന കെടപ്പിലാന്നാ പറേന്നെ..."

"അതോടെ ചന്ദ്രൂന്റെ ആ ഉഷാറും പോയി....ബിസിനസൊക്കെ നോക്കി നടത്തണത് ചന്ദ്രൂന്റെ അനിയന്റെ മോനാ...."

"രണ്ട് പെണ്മക്കള്‍ക്കും ഈ ഗതി വന്നൂലോ..."

"അയ്നു‍ മൂത്തോളു വന്നിരിക്കണത് സരോജിനീനെ കൊണ്ടോവാനാ...വെല്ലൂരോ മറ്റോ കൊണ്ടോയി ശുശ്രൂഷിക്കാനാന്നാ പറഞ്ഞേ...അവള്‍ടെ കെട്ട്യോന്‍ ഡോക്ടറാത്രേ...."അവള്‍ടെ അനിയത്തിക്ക് ഒരു ജോലിയും ശര്യാക്കീണ്ട്ന്നാ കേട്ടത്...ഇവിട്ത്തെ ബിസിനസൊക്കെ നിര്‍ത്തി എല്ലാരും കൂടെ കോഴിക്കോട്ടേക്ക് പൂവാന്ന്...."

 "ആഹ്..കുറെ അനുഭവിച്ചില്ലേ അയ്റ്റോങ്ങള്...ഇനിയെങ്കിലും ഒരു മനസ്സമാധാനം ഉണ്ടായാ മത്യാര്‍ന്ന്....

ഉം.....ആരാ എപ്പഴാ..എങ്ങിനാന്നൊന്നും പറയാനൊക്കില്ല നാണിയമ്മേ....നമ്മുടെ കഷ്ടപ്പാടുകളും മറ്റും കണ്ട് സഹായിക്കാന്‍ വരാന്ന്... ആരേയും വെറുപ്പിക്കാതെ ഉള്ള ജീവിതം കഴിച്ച് കൂട്ടിയാ എല്ലാര്‍ക്കും നല്ലത്...."

"നിര്‍ത്താറായില്ലേ നാണിയമ്മേ ഈ നോനി പറച്ചില്....?"

കുമാരേട്ടന്‍ പതഞ്ഞ് പൊന്തുന്ന പാലും പാത്രം പാത്തുട്ടിമ്മാടെ നേര്‍ക്ക് നീട്ടി...

കൈ വിരലില്‍ ബാക്കിയുണ്ടായിരുന്ന ചുണ്ണാമ്പ് നാക്കിലേക്ക് തേച്ച് നാണിയമ്മ എഴുന്നേറ്റു....
അടുത്ത ബുള്ളറ്റിനില്‍ വിളമ്പാനുള്ള വാര്‍ത്തകള്‍ക്കായി.....

സ്വാഗതം കൂട്ടുകാരേ.....

കൂട്ടുകാരേ.....

"ഞങ്ങള്‍ മലര്‍വാടി ആര്ട്ട്‌സ് ക്ലബ്ബിലെ അംഗങ്ങളാണ്...."

ചുമ്മായിരിക്കുമ്പോ എന്തെങ്കിലും ഒരു നേരം പോക്കു വേണ്ടേ...?

അപ്പൊ മനസില്‍ തോന്നിയതാ ഈ ബ്ലോഗ് എന്ന പരിപാടി....

എന്താവും, എങ്ങിനെയാവും എവിടെ വരെ പോകും എന്നൊന്നും

ഞങ്ങള്‍ക്കിപ്പൊ പറയാന്‍ പറ്റൂല... കാരണം...ഭൂലോകത്തേക്കാള്‍

വല്യ സംഭവാന്നാ ബൂലോകത്തെ കുറിച്ച് കേട്ടിരിക്കണത്...

നിങ്ങടെ കയ്യിലെ വാക്കുകളാകുന്ന വാള്‍ കൊണ്ട് മരിച്ചില്ലെങ്കീ

ഈ ബ്ലോഗ് ഇവിടെയൊക്കെ തന്നെ കാണും...
******************************************

എന്നാ പിന്നെ തൊടങ്ങല്ലേ....?

പടച്ചോനേ....ബൂലോകമെന്ന ലോകത്ത് പിച്ച വെച്ച് നടന്നു തുടങ്ങുന്ന

ഈ അറിവില്ലാ പൈതങ്ങളായ ഞങ്ങളെ കാത്തോളണേ....
-------------------------------------------------------------------------------
(മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന സിനിമയുടെ ഭാരവാഹികള്‍ക്ക് ഒരായിരം നന്ദി
കാരണം അവരാണല്ലോ ഈ തലക്കെട്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍...)