Sunday, October 12, 2014

ഓര്‍മ്മകളില്‍ നീ എന്നെന്നും...


തളറിയാതെ വിരിയുന്ന ജമന്തിപ്പൂക്കള്‍ പോലെ,മിഴി നനയാതെ കരയാനും, ചുണ്ടറിയാതെ വിതുമ്പാനും നിനക്കറിയാമായിരുന്നല്ലോ....? ആ അറിവും, അറിവിന്റെഅനിവാര്യതയും മനസ്സിലാക്കി നിന്റെ കൊച്ചു കൊച്ചുനൊമ്പരങ്ങളെ പൂവിതളില്‍ വീണ മഞ്ഞു കണങ്ങളെ കാറ്റു വന്നു തുടക്കും പോലെ ഞാന്‍ അരുമയോടെ തുടച്ചെടുക്കാറുണ്ടായിരുന്നു...

ഭൂമിയുടെ ഒരു ചിറക് നിന്നെ എന്നില്‍ നിന്ന് മറച്ചു പിടിച്ചിരിക്കുകയാണ്....നിന്റെ പ്രിയപ്പെട്ട ജമന്തിപ്പൂക്കളും, മുക്കുറ്റിപ്പൂക്കളും തളിര്‍ക്കാത്ത ഈ മരുഭൂമിയില്‍ കല്‍പ്പവൃക്ഷക്കാവും, കൈതക്കൂട്ടങ്ങളുമില്ലാത്ത മണലാരണ്യത്തില്‍ അങ്ങിങ്ങു മാത്രം തല ഉയര്‍ത്തി നില്‍ക്കുന്ന സെയ്ത്തൂന്‍ മരങ്ങള്‍ നീല വിണ്ണിലേക്ക് ചില്ലകള്‍ നീട്ടി നില്‍ക്കുന്നുണ്ട്... 

നേര്‍ത്ത കാറ്റില്‍ അവ ഇല പൊഴിച്ച് എന്നെ വന്നുണര്‍ത്താറുണ്ട്...കുഞ്ഞിപ്പൂക്കളുള്ള നിന്റെ ഓമല്‍പ്പാവാടത്തുമ്പ് പാറി വന്ന് എന്നെ തൊടുമ്പോള്‍ ഞാനനുഭവിച്ച അതേ വികാരത്തോടെ....
Tuesday, September 30, 2014

നൊമ്പരം...

പ്രണയത്തിന്റെ നിശബ്ദതയില്‍ ഞാന്‍
അറിയാതെ പോയത് എന്തായിരുന്നു
എന്നറിയില്ല.മനസ് തുറന്ന് ഒത്തിരി സ്നേഹിച്ചു.
എന്തിനാ എന്നെ വേണ്ടന്ന് പറഞ്ഞത് ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കു മുന്നില്‍
പകച്ചു നില്‍ക്കുമ്പോള്‍ അങ്ങു ദൂരെ ഞാനീ
തീരം കണ്ടു. ഒരു വാക്കു കൊണ്ടു പോലും എന്നെ
ആശ്വസിപ്പിക്കാന്‍ കഴിയാത്തവര്‍ക്കിടയില്‍
അക്ഷരങ്ങള്‍ കൊണ്ട് നീ തീര്‍ത്ത സ്നേഹത്തിനു
ഒരായിരം നന്ദി. എനിക്കറിയില്ല ഇനി എന്ത് വേണമെന്ന്.
വരില്ലന്നറിയാം എങ്കിലും, വരുമെന്നു ഞാന്‍ വെറുതെ
ആശ്വസിച്ചോട്ടെ...?പ്രതീക്ഷകളാണല്ലോ നമ്മളെ
ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്...? നിലാവു മാഞ്ഞു രാത്രി
അടുക്കുമ്പോള്‍ ഇണ പിരിഞ്ഞ രാക്കിളിയുടെ
നൊമ്പരം.വെറുതെയാകുന്ന കാത്തിരിപ്പിന്റെ
ചിത്രങ്ങളില്‍ ഇന്നു ഞാനും..

Saturday, September 6, 2014

***...ഓണാശംസകള്‍...***


കലേ ഓണം പുലരുമ്പോള്‍...
ആവണി പൂവും വിരിയുമ്പോള്‍....
അരിയ കിനാവേ കൊതിയാകുന്നൂ...
ചിറകു തരാമോ പോയ് മടങ്ങാന്‍...
ഒന്നെന്‍ കുഞ്ഞിന്‍ പൂക്കളം കാണാന്‍...

പൂവിളിയോടെ പുലരി തെളിഞ്ഞാല്‍... 
പൂഞ്ചിറകോടെ പാറുകയാമെന്‍...
ഓമല്‍ കുരുന്നിന്‍ കുസൃതിലെങ്ങോ...
ബാഷ്പ കണങ്ങള്‍ വീണു നനഞ്ഞാല്‍
ആരുണ്ടവിടെ ചുംബനമേകാന്‍....?
മിഴിനീര്‍ കണികള്‍ മായ്ച്ചു തലോടാന്‍...

നീല നിലാവിന്‍ കോടിയണിഞ്ഞും... 
കാതര മോഹം പൂവായ് കോര്‍ത്തും...
കാമുക സംഘം ലഹരി നിറക്കും... 
ഭൂമിയൊരുങ്ങും വേളയിലെന്നെ
തേടുകയാവാം പ്രാണേശ്വരിയായ്
മിഴിയില്‍ വിങ്ങും നീര്‍മണിയോടെ.... 
****************************************
സമൃദ്ധിയും, ഐശ്വര്യവും നിറഞ്ഞ 
ഒരു പോന്നോണം കൂടി...
ഏവര്‍ക്കും മലര്‍വാടിയുടെ ഒരായിരം
 ഓണാശംസകള്‍...