Thursday, August 30, 2012

കലാകാരന്‍


രക്കാനെനിക്ക് അറിയില്ലല്ലോ...?
എന്നിട്ടും നിന്റെ മുഖം ഞാന്‍ വരക്കാന്‍ ശ്രമിച്ചു...
മനസില്‍ വരച്ചു വെച്ചതും എന്നോ പതിഞ്ഞതുമായ
നിന്റെ മുഖം വരകളും വര്‍ണ്ണങ്ങളുമായി പേപ്പറിലേക്ക്
പകരാനെനിക്ക് പ്രയാസമുണ്ടായില്ല...
വരകളിലൂടെ പേപ്പറില്‍ പുനര്‍ജ്ജനിച്ച ചിത്രത്തിനു
താഴെ ഞാനെന്തോ കുത്തിക്കുറിച്ചു വെച്ചു...
ആവര്‍ത്തിച്ചുള്ള വായനയിലാണു അത് നിന്നെ
കുറിച്ചുള്ള കവിതയാണെന്ന് മനസ് എന്നോട് മന്ത്രിച്ചത്...
ഒരു സാധാരണക്കാരനായ എന്നെ കവിയാക്കി,
ചിത്രകാരനാക്കി മാറ്റിയ അത്ഭുതമായിരുന്നു നീ...
ആ അത്ഭുതം ഈ വിദൂരയിലും എനിക്ക് അനുഭവഭേദ്യമാകുന്നു...
അത് കൊണ്ട് തന്നെ ഞാനിന്ന് തികച്ചും സന്തോഷവാനാകുന്നു....
 

Saturday, August 25, 2012

""ഓണാശംസകള്‍""കൊയ്ത്തു കഴിഞ്ഞ പാടത്ത് പനന്തത്തകള്‍ പറന്നിറങ്ങുന്നു.
ആവണി തുമ്പികള്‍ അന്തരീക്ഷത്തില്‍ നൃത്തം വെക്കുന്നു.
കൈത പൂവിനു മുത്തം കൊടുക്കാന്‍ വെമ്പി പറക്കുന്ന
കരിവണ്ടിന്റെ ചുണ്ടില്‍ ഓണത്തപ്പനു കുമ്പ നിറക്കാന്‍
ഓരോ തുള്ളി തേന്‍ തരുമോ എന്ന ശൃംഗാര ഗാനം മുഴങ്ങുന്നു.
കാക്ക പൂക്കള്‍ നാണം കൊണ്ടു മുഖം കുനിക്കുന്നു...

കര്‍ക്കിടകത്തിന്റെ കറുത്ത ചേലകള്‍ വലിച്ചെറിഞ്ഞു
ചിങ്ങം പിറന്നപ്പോള്‍ കര്‍ഷകരുടെ മുഖങ്ങളില്‍ പുഞ്ചിരി!!!
കൊയ്ത്തുപ്പാട്ടിന്റെ ഈണം ചുണ്ടില്‍ നിറയ്ക്കാന്‍
ആഘോഷത്തിമിര്‍പ്പിലാറാടാന്‍ സമസ്ത ജീവ ജാലങ്ങളും
 പ്രകൃതി പോലും ഒരുങ്ങുന്ന ഓണക്കാലം...

ഋതുഭേദങ്ങളുടെ പാരിതോഷികങ്ങള്‍ ഏറ്റു വാങ്ങി
സര്‍വ്വൈശ്വര്യങ്ങളും വാരി വിതറുന്ന നിത്യ ഹരിതമായ
വസുന്ധരയില്‍ നവ ചൈതന്യത്തിന്റെ തിരയടികള്‍...

ഓണത്തിന്റെ ഈ നല്ല നാളുകളില്‍ മലര്‍വാടിയുടെ
ഹൃദയം നിറഞ്ഞ ""ണാശംള്‍"".

Saturday, August 18, 2012

പെരുന്നാള്‍ ആശംസകള്‍...


പ്രവാസികളുടെ മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്തി ഒരു പെരുന്നാള്‍ കൂടി കടന്നു
വരുന്നു. നീല വാനില്‍ പൊന്നമ്പിളി വിടരുമ്പോള്‍ പെരുന്നാളിന്റെ ആരവം ആരംഭിക്കുകയായി..
കുറെ ഫോണ്‍ കോളുകളിലും ആശംസാ കാര്‍ഡുകളിലും ഒരു ബിരിയാണിയിലും ഒതുങ്ങുന്നതാണു പ്രവാസികളുടെ പെരുന്നാള്‍. കുടുംബം കൂടെയില്ലാത്തവര്‍ അനുഭവിക്കുന്ന മാനസിക വിഷമം വര്‍ണ്ണിക്കാനാവില്ല..ബന്ധു വീടുകളില്‍ സന്ദര്‍ശനമില്ല,പുത്തനുടുപ്പുകളണിഞ്ഞു ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞുങ്ങള്‍ ഉയര്‍ത്തുന്ന ആഹ്ലാദത്തിന്റെ അലമാലകളില്ല, മൈലാഞ്ചിയും, ഒപ്പനയുമില്ല,
പെരുന്നാള്‍ സമ്മാനത്തിനായി നീണ്ടു വരുന്ന മൃദുലമായ കുഞ്ഞി കൈകളില്ല,പൂ പുഞ്ചിരികളും, പുന്നാരങ്ങളും, കിന്നാരങ്ങളുമില്ല..പ്രാണ പ്രേയസി കവിളിലേകുന്ന പെരുന്നാള്‍ സമ്മാനത്തിന്റെ സാന്ത്വനമില്ല. പെരുന്നാളിന്റെ ഒടുവില്‍ ഒരിറ്റു കണ്ണീരുമായി അവര്‍ വിതുമ്പുന്നു...
പെരുന്നാളുകള്‍ വരുന്നു, പോകുന്നു. കുറെ മോഹങ്ങളും അതിനു ചേക്കേറാനൊരു ജീവിതവും മാത്രം ബാക്കിയാവുന്നു..അര്‍ത്ഥമില്ലാത്ത പൊട്ടിച്ചിരികളില്‍ നൊമ്പരത്തിന്റെ പൊട്ടിക്കരച്ചിലുകള്‍ ഒളിപ്പിച്ച് ജീവിക്കുന്ന വേദനയുടെ പ്രതീകങ്ങളാണു ഏറെ പ്രവാസികളും.. നേടുന്നതെല്ലാം കൈ വിട്ടു പോവുകയും, നേടാനുള്ളത് ദൂരെയിരുന്നു കൊഞ്ഞനം കുത്തുകയും ചെയ്യുമ്പോള്‍ നന്മയുടെ നിറ സുഗന്ധവുമായി ഒഴുകി വരുന്ന റമദാനും, ബക്രീദും അവരില്‍ ഉണര്‍ത്തുന്ന ആശ്വാസം തീരെ ചെറുതല്ല. ജീവിതം കാത്തിരിപ്പിനു പണയം വെച്ചവര്‍ക്കും വേണമല്ലോ ഇത്തിരി ആശ്വാസം… ആ ആശ്വാസം പകരുന്ന നാളുകളെ പ്രവാസികളെപ്പോഴും ഹൃദയം തുറന്നു കാത്തിരിക്കുന്നു…

ആത്മഹര്‍ഷത്തിന്റെ നിറ സാഫല്യം വഴിഞ്ഞൊഴുകിയ ദിന രാത്രങ്ങള്‍ക്ക് പരി സമാപ്തി.. വിശ്വ വിശ്വാസികളെ ആത്മിയോല്‍ക്കര്‍ഷത്തിന്റെ സോപാനത്തിലേക്കാനയിച്ച ആ പവിത്ര ദിന രാത്രങ്ങള്‍ നമ്മോട് യാത്ര പറയുന്നു..വിശ്വാസികള്‍ നിറ കണ്ണുകളോടെ അതിനെ യാത്രയാക്കുന്നു...

"അസ്സലാമു അലൈക്കും യാ ഷഹറു റമദാന്..."

ഒരു മാസക്കാലം ഖുര്‍ആന്‍ പാരായണത്തിന്റേയും, ദിക്കര്‍ ദുആകളുടേയും,പശ്ചാത്താപ മന്ത്രങ്ങളുടേയും നിലക്കാത്ത ശംബ്ദങ്ങളാല്‍ അന്തരീക്ഷത്തെ മുഖരിതമാക്കിയ കണ്ഠങ്ങളില്‍ നിന്നും തക്ബീറിന്റേയും തൗഹീദിന്റേയും കീര്‍ത്തന ധ്വനികള്‍ പ്രവഹിക്കുകയായി..

"അള്ളാഹു അക്ബര്‍......വലില്ലാഹില്‍ ഹംദ്..."

എല്ലാവര്‍ക്കും മലര്‍വാടിയുടെ പെരുന്നാള്‍ ആശംസകള്‍