Monday, July 26, 2010

ഷുക്കൂറിന്റെ സ്വന്തം സൈക്കിള്‍...

പതിവു പോലെ ഒരു വൈകുന്നേരം...
സൂര്യേട്ടന്‍ പടിഞ്ഞാട്ടു പോയി ആരേയും കാത്തു നില്‍ക്കാതെ...ഞാനും കൂട്ടുകാരും അന്നത്തെ
ആഗോള ചര്‍ച്ചകളെല്ലാം അവസാനിപ്പിച്ചു കുടുമ്മത്തു ചെന്നു ചട്ടിക്കെണ്ണം കൊടുക്കാന്‍ എഴുന്നേറ്റു
മൂടു തട്ടുമ്പോഴാണു അടുത്ത വീട്ടില്‍ നിന്നും ഒച്ചയും ബഹളവും കേട്ടത്.. ഞങ്ങള്‍ അങ്ങോട്ടു ഓടി ചെന്നു…
 
"എന്താ…എന്താ ഇവിടെ ബഹളം…? "
 
ജമീലത്ത ഭയങ്കര കരച്ചില്‍... അതു കണ്ടു നിന്ന മൂത്ത മോള്‍
സക്കീനയും തുടങ്ങി കരച്ചില്‍...ആരും ഒന്നും മിണ്ടുന്നില്ല. ഇതെന്താ കരച്ചില്‍ മത്സരമോ...?
ഞങ്ങള്‍ സംശയിച്ചു..അപ്പോഴേക്കും വീടിനകത്തും നിന്നും മുഹമ്മദ്ക്ക ഇറങ്ങി വന്നു…
 
"എന്താ മുഹമ്മദ്ക്കാ ഇവിടെ…?എന്തു പറ്റി...? "
 
 
"ഷുക്കൂര്‍ സ്കൂളില്‍ നിന്നും വന്നിട്ടില്ല. കാലത്തു സ്കൂളിലേക്കെന്നും പറഞ്ഞു പോയതാ...
ബന്ധു വീടുകളിലെല്ലാം അന്വേഷിച്ചു...ഒരുത്തിലും ചെന്നിട്ടില്ല."
 
മുഹമ്മദ്ക്ക പറഞ്ഞു..ഇതു കേട്ടു ഞങ്ങളും ഒരു നിമിഷം ഷോക്കടിച്ച പോലെയായി..
 
ഈ ചെക്കന്‍ ഇതെവിടെ പോകാന്‍….?
 
ഷുക്കൂര്‍…
 
നല്ലൊരു ചെക്കന്‍ എന്നു ആരോടു ചോദിച്ചാലും പറയില്ല...കാരണം കയ്യിലിരുപ്പ്…
ഒന്നും അറിയില്ല എന്നാല്‍ എല്ലാമറിയാമെന്ന ഭാവം..അതും ഞങ്ങളുടെ അടുത്ത്..
ഞങ്ങള്‍ വെറുതെ ഇരിക്കുമോ...? നന്നായി പഠിക്കുന്നത് കൊണ്ടു ഓരോ ക്ലാസ്സിലും രണ്ടും മൂന്നും
കൊല്ലം പഠിച്ചു എങ്ങിനെയോ ജയിച്ചു കയറി ഇപ്പോള്‍ പ്ലസ് ടു കം കംപ്യൂട്ടര്‍ പഠിക്കാന്‍ പോകുന്നു..
എസ്.എസ്.എല്‍.സി ബുക്ക് വാങ്ങിക്കാന്‍ ചെന്നപ്പോള്‍ മാഷുമായി ഒടക്കി.
 
"അവന്‍ക്കു എസ്.എസ്.എല്‍.സി.ബുക്ക് പുതിയത് വേണം...ഇതു രണ്ടു മൂന്നു കൊല്ലം പഴകിയതാ…"
 
മാഷ് എന്തു ചെയ്യാനാ…?
 
എപ്പോള്‍ നോക്കിയാലും പാണ്ടി ലോറി പോലെ കുറെ എക്സ്ട്റാ ഫിറ്റിങ്സുള്ള ഒരു ബി.എസ്.എ. എസ്.എല്‍.ആര്‍ സൈക്കിളിലാണു പുള്ളിയുടെ സവാരി ഗിരിഗിരി…ഇതൊന്നും പോരാഞ്ഞിട്ടു വീട്ടുകാര്‍ ഷുക്കൂറിനെ സ്പോക്കെണ്‍ ഇംഗ്ലീഷ് പഠിക്കാന്‍ പറഞ്ഞയച്ചു..ആദ്യത്തെ കുറച്ചു ദിവസം പോകാന്‍ മടി കാണിച്ചു..പക്ഷേ... പിന്നീട് എല്ലാ ദിവസവും എല്ലാവരേയും അത്ഭുതപ്പെടുത്തി കൊണ്ട് കറക്റ്റു സമയത്തിനു മുടങ്ങാതെ ക്ളാസ്സിനു പോയി തുടങ്ങി.... ഒരു ദിവസം അവനെ കണ്ടപ്പോള്‍ എന്റെ കൂട്ടുകാരന്‍ ചോദിച്ചു..
 
" നീ ഇപ്പൊ നല്ല കുട്ടിയായില്ലേ?..ക്ളാസ്സിനൊക്കെ മുടങ്ങാതെ പോകുന്നുണ്ടല്ലോ…?"
 
അപ്പോള്‍ ഉടനെ വന്നു മറുപടി..
 
"അതെ ഇക്കാ... ഒരു ദിവസം ക്ളാസ്സില്‍ ചെന്നില്ലങ്കില്‍,ഒരു മിനിറ്റ് നേരം വൈകി ചെന്നാല്‍ കാരണം ബോധിപ്പിക്കണം..അതും ഇംഗ്ലീഷില്‍…നമ്മളെ കൊണ്ടു പറ്റാത്ത പണിയാണത്.."
 
കൂട്ടുകാരന്‍ വായും പൊളിച്ചു നിന്നു പോയി...ഈച്ച കയറാതിരുന്നത് ഭാഗ്യം
 
ഒരു ദിവസം ഷുക്കൂര്‍ മൂപ്പരുടെ ഒരു മൌത്ത് ലൂക്ക് ഏരിയ ആയ ബസ്റ്റോപ്പില്‍ ആരെയോ ട്യൂണ്‍ ചെയ്തു
നില്‍ക്കുകയായിരുന്നു.. അപ്പോഴാണു എന്റെ കൂട്ടുകാരനായ ജിഷാദ് അങ്ങോട്ടു ചെന്നത്..ഷുക്കൂര്‍ ജിഷാദിനെ
കണ്ടപ്പോള്‍ ഒന്നു പരുങ്ങി… ജിഷാദിനു കാര്യം മനസ്സിലായി..ഗഡി ആരെയൊ ട്യൂണ്‍ ചെയ്തു നില്‍ക്കുകയാണെന്നു.ജിഷാദ് നോക്കിയപ്പോള്‍ ബസ്റ്റോപ്പില്‍ രണ്ടു മൂന്നു പെണ്കുട്ടികള്‍ നില്‍ക്കുന്നുണ്ട്..
അതിലാരോ ആണു ഷുക്കൂറിന്റെ അന്നത്തെ ഇര...ജിഷാദിനെ അവന്‍ മൈന്റ് ചെയ്യുന്നേയില്ല. എന്നാല്‍ ഒരു പണി കൊടുത്താലോ എന്നാലോചിച്ചു നില്‍ക്കുമ്പോഴാണു
 
മേരിമാത(MARYMATHA) ബസ് വന്നു നിന്നത്..ജിഷാദ് ചോദിച്ചു..
 
"ടാ ഷുക്കൂറേ എന്താടാ ആ ബസ്സിന്റെ പേരു എന്നു?...."
 
ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന ചാന്‍സുകള്‍ മിസ്സാക്കാത്ത ഷുക്കൂറിന്റെ മറുപടി ഉടനെ വന്നു ..ഇതു നമ്മളെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ ഒരു ആക്കി ചിരി പാസ്സാക്കി കൊണ്ടു…
 
"ബസ്സിന്റെ പേരു "മറിയംത്ത…"
 
എന്നിട്ടു പെണ്‍കുട്ടികളുടെ ഭാഗത്തേക്കു നോക്കി..പെണ്കുട്ടികള്‍ ഭയങ്കര ചിരി…ഷുക്കൂര്‍ വിചാരിച്ചു...ഓഹ് ഞാന്‍ ഭയങ്കര സംഭവം തന്നെ...അതായിരിക്കും അവര്‍ ചിരിക്കുന്നത് എന്നു...ജിഷാദ് വേഗം സ്ഥലം കാലിയാക്കി…ഷുക്കൂറിനൊരു സഹോദരനുണ്ട്.(ഷക്കീര്‍)അങ്ങു ദുഫായിലാ…അവന്‍ സ്വഭാവത്തില്‍ ഷുക്കൂറിന്റെ ഉപ്പാപ്പയായി വരും…അവന്റെ(ഷക്കീര്‍) കഥകള്‍ ഞാന്‍ പിന്നീടൊരിക്കല്‍ (യോഗമുണ്ടങ്കില്‍)
നിങ്ങളുമായി പങ്കു വെക്കാം..
 
ഷക്കീര്‍ ആദ്യമായി ഗള്‍ഫില്‍ നിന്നും
വന്നപ്പോള്‍ ഷുക്കൂറിനൊരു വാച്ച് കൊണ്ടു കൊടുത്തു.."ടൈറ്റാന്‍" അതും കെട്ടി കൊണ്ടു ഷുക്കൂര്‍ ഞങ്ങളുടെ അടുത്തു വന്നു....ഞാന്‍ ചോദിച്ചു...
 
"ങാഹ്..ഷുക്കൂറോ ഇന്നെന്താ വല്യ സന്തോഷത്തിലാണല്ലോ...?"
 
റബ്ബര്‍ പന്തു ചുമരിലെരിഞ്ഞാല്‍ തിരികെ വരുന്ന പോലെ ഉടന്‍ വന്നു മറുപടി…
 
"ഇക്ക ഗള്‍ഫില്‍ നിന്നും വന്നു..കണ്ടില്ലേ വാച്ച്....?"
 
 എന്നിട്ടു ഇടതു കൈ പൊക്കി കാണിച്ചു..
 
"ആഹാ കൊള്ളാലോ ഏതു കമ്പനിയുടേതാ വാച്ച്… ?"
 അതോ... എന്നിട്ടു മൂപ്പര്‍ ഓരോ സ്പെല്ലിങ് വായിക്കാന്‍ തുടങ്ങി.
 
"ടി.ഐ.ടി.എ.എന്‍.." ടിട്ടന്‍ "...നല്ല വിലയുള്ളതാന്നാ ഇക്ക പറഞ്ഞേ…"
 
ഞാനും കൂട്ടുകാരും പരസ്പരം മുഖത്തോടു മുഖം നോക്കി..ചിരി മുഖത്ത് വരാതെ കടിച്ചു പിടിച്ചു ഇരുന്നു…ഒരു ദിവസം പതിവു പോലെ കൂട്ടുകാരുമായി മറ്റുള്ളവരുടെ പച്ചയിറച്ചി തിന്നു കൊണ്ടിരിക്കുമ്പോഴാണു നമ്മുടെ ഷുക്കൂറിന്റെ വരവ്… ഞങ്ങളെ കണ്ട ഉടനെ സൈക്കിള്‍ നിര്‍ത്തി.. ഞാന്‍ ചോദിച്ചു.
 
"എന്തേടാ ഷുക്കൂറേ...?നീ എവിടെ പോയിരുന്നു…?"
 
"ഞാന്‍ ചുമ്മാ തളിക്കുളത്തൊന്നു പോയി..ഇക്കാ ഒരു സംശയം ചോദിച്ചോട്ടെ…"
 
പടച്ചോനെ ചതിച്ചു..എന്നോടു തന്നെ വേണോ ഇത്..?...
ഷുക്കൂറിനോടു വിശേഷം ചോദിക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ പഴിച്ചു..
അതു പുറത്തു കാണിക്കാതെ ഞാന്‍ ചോദിച്ചു.
 
"എന്താ നിന്റെ സംശയം…?"
 
"ഈ ബറാത്ത് പെട്രോളിയം മുസ്ലിംസിന്റെതാണോ..???"
 
എനിക്കൊന്നും മനസ്സിലായില്ല…
 
"നീ എന്താ ഉദ്യേശിക്കുന്നത്...? എനിക്കു മനസ്സിലായില്ല.."
 
അപ്പോള്‍ അവന്‍ വിശദീകരിച്ചു തന്നു.
 
"അതായത് ഈ പെട്രോള്‍ ഒക്കെ കൊണ്ടു പോകുന്ന വണ്ടിയില്ലെ...? അതില്‍ എഴുതിയിരിക്കുന്നതാ" ….
 
അപ്പോഴാണു ഞങ്ങള്‍ക്കു കാര്യം മനസ്സിലായത്..ഭാരത് പെട്രോളിയം എന്നു എഴുതിയത് കണ്ടിട്ടാ ഷുക്കൂര്‍ ബറാത്ത് പെട്രോളിയം എന്നു വായിച്ചത്… ഇപ്പോള്‍ഏകദേശം ഷുക്കൂറിന്റെ ഒരു രേഖാ ചിത്രം നിങ്ങളുടെ മനസ്സില്‍ ഉണ്ടായിട്ടുണ്ടാകും എന്നു കരുതുന്നു…അങ്ങിനെയുള്ള ഷുക്കൂറിനെയാണു കാണാതായിരിക്കുന്നത്…
 
ഞങ്ങള്‍ പറഞ്ഞു...
 
"ഇക്കാ വിഷമിക്കണ്ടാ.. നമുക്കന്വേഷിക്കാം… അവന്റെ കൂട്ടുകാരോട് ചോദിച്ചാല്‍ ചിലപ്പോ അറിയാന്‍ കഴിയും…കൂട്ടുകാരോടൊത്ത് വല്ലയിടത്തും കറങ്ങാന്‍ പോയിട്ടുണ്ടാകും.."
 
ഞങ്ങള്‍ അവനെ അന്വേഷിച്ചു പോകാന്‍ തെയ്യാറായി..രണ്ടു മൂന്നു ഗ്രൂപ്പായി അന്വേഷണം നടത്താന്‍ ഞങ്ങള്‍ പ്ലാനിട്ടു..അങ്ങിനെ ഞാനും ജിഷാദും ദില്‍ഷാദും കൂടി അവന്റെ സ്കൂളിന്റെ ഏരിയയിലേക്കൂ പോയി… സ്കൂളിന്റെ ഗൈറ്റ് അടച്ചിട്ടിരിക്കുന്നു… നോക്കുമ്പോള്‍ സൈക്കിള്‍ ഷെഡ്ഡില്‍ അവന്റെ സൈക്കിള്‍ ഒരു അനാഥ പ്രേതം കണക്കേ വിറങ്ങലിച്ചിരിക്കുന്നു… പാവം…സൈക്കിള്‍…
ഞങ്ങള്‍ അവിടെ അടുത്തുള്ള ഒരു കടയില്‍ അന്വേഷിച്ചു, ആളുടെ അടയാളം പറഞ്ഞു കൊടുത്തപ്പോള്‍ ആദ്യം കടക്കാരനു ആളെ മനസ്സിലായില്ല..സൈക്കിളിന്റെ അടയാളം പറഞ്ഞു കൊടുത്തപ്പോള്‍ ആ കടക്കാരനു ആളെ പെട്ടെന്നു മനസ്സിലായി..പുള്ളി പറഞ്ഞു
 
"കാലത്തു ഇവിടെ വന്നിരുന്നു… വേറെ ഒരു കൂട്ടുകാരനുമുണ്ടായിരുന്നു…കോതകുളം ബീച്ചില്‍ സിനിമാ ഷൂട്ടിങ്ങ് നടക്കുന്നുണ്ട്.ചിലപ്പോള്‍ അതു കാണാന്‍ പോകും എന്നൊക്കെ പറയുന്നത് കേട്ടിരുന്നു"
 
ഞങ്ങള്‍ ഉടനെ കോതകുളത്തേക്കു പുറപ്പെട്ടു…അവിടെ നിന്നും ഏകദേശം 8-9 കിലോമീറ്റെറോളം ദൂരമുണ്ട്..ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലുമില്ലന്നു പറഞ്ഞ പോലെയായി...
ഒന്നും കാണാന്‍ കഴിഞ്ഞില്ല..അവിടെ കണ്ടവരോട് ഷൂട്ടിങ്ങിനെ കുറിച്ചു അന്വേഷിച്ചപ്പോള്‍ സിനിമാക്കാര്‍ ഷൂട്ടിങ്ങ് ഒക്കെ നിര്‍ത്തി ഇന്നലെ പോയി എന്നു പറഞ്ഞു… ഞങ്ങള്‍ ആകെ വിഷമത്തിലായി… നേരം വൈകി കൊണ്ടിരിക്കുന്നു…ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു പോന്നു..എന്തു ചെയ്യും..?എവിടെ ചെന്നന്വേഷിക്കും..?വീട്ടിലെത്തിയപ്പോഴാണു അറിയുന്നത്..ഷുക്കൂറിനെ കണ്ടു കിട്ടി..ത്രിശൂര്‍ ടൌണില്‍ നിന്നും…
അന്നു ത്രിശൂര്‍ ടൌണില്‍ എക്സിബിഷന്‍ നടക്കുന്നുണ്ടായിരുന്നു..ഈ ഗഡി അതൊക്കെ കാണാന്‍ പോയതാ...അവിടെ ചെന്നപ്പോള്‍ ഒരു നോര്‍ത്തിന്ത്യകാരുടെ ഷോപ്പില്‍ കയറി… അവിടെ ഒരു നോര്‍ത്തിന്ത്യകാരി പെണ്കുട്ടിയെ കണ്ടപ്പോ മൂപ്പരുടെ സ്വഭാവം പുറത്തു വന്നു..സായിപ്പിനെ കണ്ടപ്പൊ കവാത്ത് മറന്നു എന്നു പണ്ടാരോ പറഞ്ഞ പോലെയായി..മൂപ്പര്‍ നാടും വീടും മറന്നു..അതിനെ ഒലിപ്പീരു നടത്തി നേരം പോയതറിഞ്ഞില്ല… ആ ഷോപ്പിന്റെ അടുത്തുള്ള ഒരു മലയാളി കടയിലെ സെയില്‍സ്‌മേന്‍ ഇതൊക്കെ കണ്ടിരുന്നു… വൈകുന്നേരമായിട്ടും ഈ ചുള്ളന്‍ സ്കൂട്ടാവുന്നില്ലന്നു കണ്ടപ്പൊ പതിയെ ഷുക്കൂറിനെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു...ഷുക്കൂര്‍ വിവരങ്ങളൊക്കെ പറഞ്ഞു കൊടുത്തു..തിരിച്ചു പോകാനുള്ള വണ്ടി കൂലി ഇല്ല.ഉണ്ടായിരുന്നത് പുട്ടടിച്ചു...ഗഡി നോര്‍ത്തിന്ത്യയിലേക്കു വണ്ടി വിടാനുള്ള പരിപാടി ആയിരുന്നു… അങ്ങിനെ അയാളാണു ജിഷാദിന്റെ വീട്ടിലേക്കു ഫോണ്‍(ഷുക്കൂറിന്റെ വീട്ടില്‍ ഫോണ്‍ കണക്ഷന്‍ കിട്ടിയിരുന്നില്ല) ചെയ്തു വിവരം പറഞ്ഞത്..അങ്ങിനെ അവനെ കൊണ്ടു വരാന്‍ മുഹമ്മദ്ക്കയും ഷക്കീറും ഞങ്ങള്‍ ഉസ്താദ് എന്നു വിളിക്കുന്ന ഷിഹാബും കൂടി പോയിട്ടുണ്ട് എന്നു പറഞ്ഞു..അപ്പോഴാണു ഞങ്ങള്‍ക്കു സമാധാനമായത്..

മുഹമ്മദ്ക്കയും,ഷക്കീറും, ഉസ്താദും ത്രിശൂര്‍ എത്തി..അവിടെ ഇവരേയും കാത്തു ഫോണ്‍ ചെയ്തയാള്‍ നിന്നിരുന്നു.മൂന്നൂ പേരേയും കൂട്ടി അയാള്‍ ഷുക്കൂറിന്റെ അടുത്തേക്കു കൊണ്ടു പോയി..അവിടെ ചെന്നപ്പോള്‍ നമ്മുടെ ഗഡി പാന്‍ പരാഗും തിന്നു ആ നോര്‍ത്തിന്ത്യക്കാരി പെണ്കുട്ടിയുമായി ഇവന്‍ക്കറിയാവുന്ന (അവര്‍ക്കറിയാത്തതും) ഭാഷയില്‍ കുറുങ്ങിക്കൊണ്ടിരിക്കുന്നു...
ഇവരെ കണ്ട പാടെ ഷുക്കൂര്‍ ചാടി എഴുന്നേറ്റു ഓടടാ ഓട്ടം..പിന്നാലെ ഷക്കീറും..ഗൈറ്റില്‍ വെച്ചു സെക്യൂരിറ്റികാരന്‍ ഷുക്കൂറിനെ പിടിച്ചു നിര്‍ത്തി..തൊട്ടു പിന്നാലെയെത്തിയ ഷക്കീര്‍ കൊടുത്തു ഷുക്കൂറിന്റെ കവിളത്ത് രണ്ടു മൂന്നെണ്ണം. ഷുക്കൂറിനു കണ്ണില്‍ കൂടിയും വായില്‍
കൂടിയും ചെവിയില്‍ കൂടിയുമൊക്കെ പൊന്നീച്ചകള്‍ പറക്കണത് പോലെ തോന്നി..
അപ്പോഴേക്കും മുഹമ്മദ്ക്കയും ഉസ്താദും ഓടി വന്നു ഷക്കീറിനെ പിടിച്ചു മാറ്റി.

ഷുക്കൂര്‍ പറഞ്ഞു..

"ഞാന്‍ വീട്ടിലേക്കു വരുന്നില്ല..ഞാന്‍ ഇവരുടെ കൂടെ പോവുകാ.."

മുഹമ്മദ്ക്ക അവനെ ആശ്വസിപ്പിച്ചു..

"മോന്‍ പേടിക്കണ്ട..മോനെ ആരും ഒന്നും ചെയ്യില്ല..നമുക്കു വീട്ടിലേക്കു പോകാം.."

ആദ്യം ഷുക്കൂര്‍ സമ്മതിച്ചില്ല.അവസാനം ഷുക്കൂറിനെ ബലമായി പിടിച്ചു കെട്ടി കൊണ്ടു പോന്നു..
ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ നായകനേയും കൊണ്ട് അവനെ കൊണ്ടുവരാന്‍ പോയവര്‍ തിരിച്ചു വന്നു… വന്ന ഉടനെ ഷുക്കൂര്‍ ബാത്റൂമിലേക്കു കയറി വാതിലടച്ചു.ഷക്കീര്‍ ബാത്റൂമിന്റെ വാതിലിനൊരു ചവിട്ട്..ദാ കിടക്കണു വാതില്‍ കുറ്റിയും പറിച്ചോണ്ട്....വാതിലിനടിയില്‍ നമ്മുടെ ഷുക്കൂറും...കക്ഷി ഒന്നിനു പോയതാ..അവന്‍ അവിടെ നിന്നും എഴുന്നേറ്റു വീടിനകത്തേക്കു പോയി വാതിലടച്ചു… ആരു വിളിച്ചിട്ടും വാതില്‍ തുറക്കുന്നില്ല...ജമീലത്തയും സക്കീനയും വീണ്ടും കരച്ചില്‍ തുടങ്ങി...
ഞാനും ജിഷാദും കൂടി വാതിലില്‍ മുട്ടി...

"ഷുക്കൂറേ വാതില്‍ തുറക്കു...നീ പേടിക്കണ്ടാ.. നിന്നെ ആരും ഒന്നും ചെയ്യില്ല…"

കുറെ തട്ടി വിളിച്ചപ്പോള്‍ വാതില്‍ തുറന്നു…ഞാനും ജിഷാദും കൂടി അകത്തേക്കു കയറി...അവന്‍ ആകെ വിഷമിച്ചിരിക്കുന്നത് കണ്ടു ഞാന്‍ ചോദിച്ചു...

"അല്ല ഷുക്കൂറേ...നീ എന്തു പണിയാ കാണിച്ചത്…?ഇവിടെ എല്ലാവരേയും നീ പേടിപ്പിച്ചു കളഞ്ഞു…?
നിനക്കൊന്നു പറഞ്ഞിട്ടു പോകാമായിരുന്നില്ലേ...? ഞങ്ങള്‍ എവിടെയെല്ലാം നിന്നെ അന്വേഷിച്ചൂന്നറിയോ...?"

 
അപ്പോഴും ഷുക്കൂര്‍ ഒന്നും മിണ്ടുന്നില്ല...

"ജിഷാദ് പറഞ്ഞു നീ വിഷമിക്കണ്ട…നിന്റെ ഉപ്പാനോടും ഇക്കാനോടും ഞങ്ങള്‍ സംസാരിച്ചോളാം..നീ വന്നു എന്തെങ്കിലും കഴിക്ക്..."

അപ്പോഴാണു ഷുക്കൂറിന്റെ മറുപടി..

"ഇല്ല... എനിക്കു വിഷമമൊന്നുമില്ല… എന്റെ സൈക്കിള്‍ സ്കൂളിലെ സൈക്കിള്‍ ഷെഡ്ഡിലാ വെച്ചിരിക്കുന്നത്. അത് ആരെങ്കിലും എടുത്തുകൊണ്ടു പോകുമോ ന്നാ…എന്റെ പേടി..."
 
പിറ്റെ ദിവസം രാവിലെ തന്നെ ഷുക്കൂറിന്റെ പുതിയ കഥ പുറത്തു വന്നു…ഷുക്കൂര്‍ ഒളിച്ചോടി പോയിട്ടു ജിഷാദിന്റെ വീട്ടിലേക്കു ഫോണ്‍ വിളിച്ചിരുന്നു...അവന്റെ സൈക്കിളിനു സുഖമാണോ എന്നറിയാന്‍…കാരണം ഷുക്കൂര്‍ അവന്റെ സൈക്കിളിനെ അത്രയധികം ഇഷ്ടപെട്ടിരുന്നു…
(ഈ കഥയും കഥയിലെ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നത് കൊണ്ടും എനിക്കിനിയും
ജീവിച്ചിരിക്കണമെന്നാഗ്രഹമുള്ളത് കൊണ്ടും ചില പേരുകളില്‍ ഞാന്‍ മാറ്റം വരുത്തിയിട്ടുണ്ട്...)

10 comments:

 1. സത്യസന്തമായി പറഞ്ഞിരിക്കുന്നു പക്ഷെ ഒറിജിനല്‍ പേര് കൂടെ വെക്കാരുന്നു. ഹാ ഹാ ഹാ...
  ഇതിലെ കഥാപാത്രങ്ങള്‍ എല്ലാം ഇന്ന് അബുധാബിയിലെ അറിയപെടുന്ന റിയല്‍എസ്റ്റേറ്റ്‌ ബിസിനെസ്കാര. അയ്യോ ഞാന്‍ ഒന്നും പറയുന്നില്ല കാരണം അവരെന്റെ വാടകകൂട്ടും.

  ReplyDelete
 2. സൈക്കിളിന്റെ അടയാളം പറഞ്ഞു കൊടുത്തപ്പോള്‍ ആ കടക്കാരനു ആളെ പെട്ടെന്നു മനസ്സിലായി..

  അനുഭവം പൊലെ എഴുതിയിരിക്കുന്നു. എഴുത്തില്‍ അല്പം കൂദി ഭംഗി വരുത്താന്‍ ശ്രമിച്ചാല്‍ കൂദുതല്‍ നന്നാവും.
  ആശംസകള്‍.

  ReplyDelete
 3. ഓഹോ.. ഷുക്കൂരിനെ കാനാതപ്പോള്‍ ഞാനും പേടിച്ചു പോയി. ആ ജിശാദാണോ ഈ ജിശാദ്‌!
  ഹമ്പട വീരു..

  ReplyDelete
 4. wow...very funny story ..!! cngrts...hop more stories like this..

  ReplyDelete
 5. ഈ ഷുക്കൂറിനെ ഒന്ന് കാണാന്‍ കിട്ടുമോ?? ട്യൂണിങ്ങില്‍ ഒന്ന് ബിരുദമെടുക്കാനാ...

  ReplyDelete
 6. ഇപ്പോഴാണ് ഇവിടെ എത്തിപ്പെട്ടത്. വായിക്കാന്‍ നല്ല രസം. ഓരോന്നോരോന്നായി വായിച്ചു വരുന്നെയുള്ളു.

  ReplyDelete
 7. ഷകൂര്‍ പുരാണം കലക്കി, ഒറിജിനല്‍ പേരുകള്‍ വെയ്ക്കണ്ട ആവശ്യം ഉണ്ടെന്നു തോന്നുനില്ല, അല്ലാതെ തന്നെ അടി പാര്‍സല്‍ വന്നോളും. :)

  ReplyDelete
 8. ഷുക്കൂര്‍ കലക്കി
  ഇനി ഷക്കൂര്‍ പുരാണം പറയൂ

  ReplyDelete
 9. ഈ കമന്റൊക്കെ എവിടെപ്പോകുന്നു??!!
  ഇന്നലെയിട്ടതും കണ്ടില്ല
  ഇന്നിട്ടതും കണ്ടില്ല

  സ്വാഹാ...

  ReplyDelete
 10. "ഇല്ല... എനിക്കു വിഷമമൊന്നുമില്ല… എന്റെ സൈക്കിള്‍ സ്കൂളിലെ സൈക്കിള്‍ ഷെഡ്ഡിലാ വെച്ചിരിക്കുന്നത്. അത് ആരെങ്കിലും എടുത്തുകൊണ്ടു പോകുമോ ന്നാ…എന്റെ പേടി..."

  പിറ്റെ ദിവസം രാവിലെ തന്നെ ഷുക്കൂറിന്റെ പുതിയ കഥ പുറത്തു വന്നു…ഷുക്കൂര്‍ ഒളിച്ചോടി പോയിട്ടു ജിഷാദിന്റെ വീട്ടിലേക്കു ഫോണ്‍ വിളിച്ചിരുന്നു...അവന്റെ സൈക്കിളിനു സുഖമാണോ എന്നറിയാന്‍…കാരണം ഷുക്കൂര്‍ അവന്റെ സൈക്കിളിനെ അത്രയധികം ഇഷ്ടപെട്ടിരുന്നു…

  ഇഷ്ടായീ ഷുക്കൂറിന്റെ ലീലാവിലാസങ്ങൾ....
  ചിലരങ്ങനേയും കാണും തന്റെ ജീവനേക്കാളേറെ തന്റെ വണ്ടികളെ ഇഷ്ടപ്പെടുന്നവർ.
  ആശംസകൾ.

  ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...